- എം. അഷ്‌റഫ്
ബോസിന് എറ്റവും ഇഷ്ടപ്പെട്ട കോഫി തയാറാക്കിക്കൊടുത്ത ശേഷം വാക്കുകളൊന്നും ഉച്ചരിക്കാനാവാതെ മടങ്ങുകയായിരുന്നു മൊയ്തു. ബോസിനും വാക്കുകളൊന്നും പുറത്തു വന്നില്ല.
ഒന്നു കൂടി തിരിഞ്ഞുനോക്കി; ബോസിന്റെ കണ്ണ് നിറഞ്ഞിട്ടുണ്ടോ? അപ്പോൾ അദ്ദേഹം കണ്ണടയെടുത്ത് ധരിക്കുന്നതാണ് കണ്ടത്. സജലങ്ങളായ കണ്ണുകൾ പണിക്കാരനായ മൊയ്തു കാണേണ്ട എന്നു വിചാരിച്ചിട്ടാകും. ബോസിന്റെ എതിർ വശത്തായി ഒന്നും പറയാതെ സോഫിയ ചിരി തൂകി നിൽപുണ്ട്.
കോഫി മേക്കറുകൾ പലത് വന്നെങ്കിലും മൊയ്തുവിന്റെ കൈ കൊണ്ടൊരു കോഫി ബോസിന് എപ്പോഴും നിർബന്ധമായിരുന്നു. മുപ്പതു വർഷം നീണ്ട കോഫി മേക്കിംഗ്. ഓഫീസിൽ മൊയ്തുവിന് മറ്റൊരു പണിയും ഉണ്ടായിരുന്നില്ല. ബോസ് ചിലപ്പോൾ ദിവസങ്ങളോളം ഓഫീസിലേക്ക് വരില്ല. പക്ഷേ, അദ്ദേഹം ബിസിനസ് ടൂർ കഴിഞ്ഞെത്തുമ്പോൾ മൊയ്തു അവിടെ ഹാജരുണ്ടായിരിക്കണം. അതുകൊണ്ടു തന്നെ ബോസ് ബിസിനസ് ടൂറിനു പോയീന്നുവെച്ച് മൊയ്തു ഓഫീസിലെത്താൻ വൈകുകയോ നേരത്തെ പോകുകയോ ചെയ്തിരുന്നില്ല.
വെറുതെ എന്തിനാ കുത്തിയിരിക്കുന്നതെന്ന് ഓഫീസിലുള്ള മറ്റുള്ളവർ ചോദിക്കാറുണ്ടെങ്കിലും വിശ്വാസ്യത തകർക്കാൻ മൊയ്തു ഒരുക്കമായിരുന്നില്ല. ബോസിന്റെ മനസ്സിൽ സ്ഥാപിച്ചെടുത്ത ക്രെഡിബിലിറ്റി -അതാണ് പ്രധാനം.
അങ്ങനെ വിശ്വസ്തനായി മാറിയ മൊയ്തുവും ബോസുമാണ് ഇപ്പോൾ വേർപിരിയുന്നത്. ഒന്നും ഉരിയാടിയില്ലെങ്കിലും ബോസിന്റെ മനസ്സു നിറയെ സങ്കടമാണെന്ന് മൊയ്തുവിന് അറിയാം. സ്‌നേഹ സമ്പന്നനായ ബോസിനെ വീണ്ടും വീണ്ടും തിരിഞ്ഞുനോക്കി നടക്കുമ്പോൾ പെട്ടെന്നാണത് സംഭവിച്ചത്. എല്ലാം കണ്ടുകൊണ്ടിരുന്ന സോഫിയ പിന്നാലെ പാഞ്ഞുവരുന്നു. മറ്റൊന്നും ആലോചിക്കാതെ സർവശക്തിയുമെടുത്ത് എത്രനേരം ഓടിയെന്നറിയില്ല.
തിരിഞ്ഞുനോക്കാതെയുള്ള ഓട്ടം. വിജനമായ മരുഭൂമിയിലൂടെയുള്ള ഓട്ടത്തിൽ ഒടുക്കം കാലുതളർന്ന് വീണത് പിശാചിന്റെ തലയോട്ടികൾ കായ്കളായി നിറയുന്ന മരത്തിന്റെ ചുവട്ടിൽ.
അയ്യോ.. കട്ടിലിൽനിന്ന് താഴെ വീണ മൊയ്തുവിന്റെ നിലവിളി കേട്ടാണ് ബ്ലാങ്കറ്റ് കൊണ്ട് തലയടക്കം മൂടിക്കിടന്നിരുന്ന റൂമിലെ മറ്റുള്ളവർ ഉണർന്നത്. ഓരോരുത്തരും തല ഉയർത്തി നോക്കിയപ്പോൾ പേടിച്ചുവിറച്ച മൊയ്തു നടു തടവുകയാണ്.
നാലു ഭാഗത്തും നോക്കിയ മൊയ്തു സോഫിയ, സോഫിയ എന്നു പിറുപിറുക്കുന്നു.
എന്താ മൊയ്തൂ സ്വപ്‌നം കണ്ട് പേടിച്ചോ?
ബെഡിൽ പിടിച്ചിരുത്തിക്കൊണ്ട് മൽബു ചോദിച്ചു.
നാട്ടിൽ സോഫിയക്ക് വല്ലതും പറ്റിയോ? ഫോൺ ഉണ്ടായിരുന്നോ?
മൊയ്തുവിന്റെ മിസിസാണ് സോഫിയ. കുടുംബശ്രീ യോഗത്തിൽ സോഫിയ നടത്തിയ പ്രസംഗം കഴിഞ്ഞ ദിവസം മൊയ്തു വാട്ട്‌സാപ്പിൽ കേൾപ്പിച്ചിരുന്നു. കുടുംബശ്രീക്ക് പോയിത്തുടങ്ങിയ ശേഷം ആളാകെ മാറിയിരിക്കുന്നുവെന്ന് കാണിക്കാനായിരുന്നു അത്. പ്രസംഗം സൂപ്പറായിരുന്നു. ആരോടും മിണ്ടാതിരുന്ന സോഫിയയുടെ മാറ്റത്തിലുള്ള മൊയ്തുവിന്റെ അഭിമാനമാണ് പങ്കുവെച്ചത്.
സോഫിയക്ക് എന്താ പറ്റിയത്? മൽബു വീണ്ടും ചോദിച്ചു.
മൊയ്തു എന്തോ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും വാക്കുകൾ പുറത്തു വരുന്നില്ല. ഹൈദ്രോസ് നൽകിയ വെള്ളം വാങ്ങിക്കുടിച്ച ശേഷം മൊയ്തു പറഞ്ഞു.
ആ സോഫിയ അല്ല ഈ സോഫിയ.
പിന്നെ ഏതു സോഫിയ?
ഓഫീസിൽ പുതുതായി ജോലിക്കുവെച്ചിരിക്കുന്ന സോഫിയയോടാണ് ഇപ്പോൾ ബോസിനു കമ്പം. അതുകൊണ്ട് എന്നെ പിരിച്ചുവിട്ടു. ബോസിനോട് യാത്ര പറഞ്ഞിറങ്ങിയ ഞാൻ അവിടെ ചുറ്റിപ്പറ്റി നിന്നപ്പോൾ അവൾ എന്നെ ഓടിച്ചു. എന്തൊരു സ്പീഡ്. അതു മനുഷ്യ സ്ത്രീയൊന്നുമല്ല.
ഇതേതു സോഫിയ. അങ്ങനെയൊരാളെ നിന്റെ ഓഫീസിൽ ജോലിക്കു വെച്ചത് അറിഞ്ഞില്ലല്ലോ.
അപ്പോഴാണ് മൽബു അക്കാര്യം ഓർത്തത്. സൗദി അറേബ്യയിൽ പൗരത്വം ലഭിച്ച റോബോട്ട് സോഫിയയുടെ സംസാരം മൊയ്തു ഇന്നലെ രാത്രി കുറെ നേരം കേട്ടിരുന്നു. ഇനിയിപ്പോ ബോസിന് കോഫി ഉണ്ടാക്കിക്കൊടുക്കാൻ ഇവൾ മതിയല്ലോ എന്നു പറഞ്ഞ മൊയ്തുവിന് ബോസിന് ചായ എടുത്തുകൊടുക്കുന്ന ബട്‌ലർ റോബോട്ടിന്റെ മറ്റൊരു വീഡിയോ കാണിച്ചു. തുടർന്ന് ഓടാനും സ്റ്റെപ്പ് കയറാനുമൊക്കെ കഴിയുന്ന റോബോട്ടിന്റെ വീഡിയോ കൂടി കണ്ട ശേഷമാണ് മൊയ്തു ബെഡിലേക്ക് ചാഞ്ഞിരുന്നത്.
പേക്കിനാവിന്റെ ആഘാതത്തിൽനിന്ന് മൊയ്തു മോചിതനായപ്പോഴേക്കും നാട്ടിൽനിന്ന് യഥാർഥ സോഫിയയുടെ വാട്‌സാപ്പ് സന്ദേശമെത്തി. ഹെഡ്‌ഫോൺ തിരുകി മൊയ്തു അതു കേട്ടുതുടങ്ങിയപ്പോൾ സഹമുറിയന്മാർ അവരവരുടെ ബ്ലാങ്കറ്റുകളിലേക്ക് മടങ്ങി.
പിന്നെ നിങ്ങളാ നരകത്തിലുണ്ടാകുന്ന ചെടീലെ പിശാചിന്റെ തലയോട്ടികൾ കണ്ടോ? ഞാൻ ഇന്നലെ വാട്‌സാപ്പിൽ വിട്ടിരുന്നല്ലോ..
മിസിസ് മൊയ്തുവിന്റെ ചോദ്യം.
ങാ.. അതു കണ്ടാരുന്നു. ഓടിയോടി തളർന്ന് ആ മരത്തിന്റെ മുന്നിൽ ചെന്നാ വീണത്.
ആര്?
ഇവിടത്തെ ഒരു കാക്ക.