തിരുവനന്തപുരം- കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ചെന്ന ആരോപണത്തില്‍ പ്രതികരണവുമായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ആരോഗ്യ പ്രവര്‍ത്തകരെ കരിവാരി തേക്കാനുള്ള മനഃപൂര്‍വ ശ്രമം നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രതിപക്ഷം രാഷ്ട്രീയ ലക്ഷ്യത്തോടെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ആരോഗ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു.
കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് പരിചരണത്തില്‍ വീഴ്ചയുണ്ടായെന്ന് ആരോപണം ഉന്നയിച്ച ഡോകടര്‍ നജ്മ ചെയ്യുന്നതിലെ തെറ്റും ശരിയും താന്‍ പറയുന്നില്ല. നജ്മ ചെയ്യുന്ന കാര്യങ്ങള്‍ ജനങ്ങള്‍ വിലയിരുത്തട്ടെയെന്നും മന്ത്രി പറഞ്ഞു. ഏതെങ്കിലും സ്ഥലത്ത് ഉണ്ടായ ചെറിയ പിഴവിനെ വക്രീകരിച്ച് കാട്ടാന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ഇതുകൊണ്ടൊന്നും ആരോഗ്യ വകുപ്പിനെ ക്ഷീണിപ്പിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് ടാറ്റാ ആശുപത്രിയില്‍ ഉടന്‍ നിയമനങ്ങള്‍ നടത്തും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് നിരാഹാരം കിടക്കാനുള്ള അവകാശമുണ്ടെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു.