സേലം- തമിഴ്‌നാട്ടിലെ സേലത്ത് സര്‍ക്കാര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ എലികള്‍ പരക്കം പായുന്ന വിഡിയോ സമൂഹമാധ്യമങ്ങള്‍ വ്യാപകമായി പ്രചരിച്ചു. അണുബാധ തടയുന്നതിന് ഏറെ ശുചിത്വം പാലിക്കേണ്ട ഐസിയുവില്‍ രോഗാണുവാഹകരായ എലികള്‍ കയറിക്കൂടിയത് ഞെട്ടിപ്പിക്കുന്നതാണ്. ഇവിടെ രോഗികളും അവരുടെ കൂട്ടിരിപ്പുകാരും തിങ്ങിനിറഞ്ഞ അവസ്ഥയാണ്. ഒരു ബെഡില്‍ ഒന്നിലേറെ പേരാണ് കിടക്കുന്നത്. കൂടാതെ തറയിലും പല രോഗികളും കിടക്കുന്നു. ഇവര്‍ക്കിടയിലൂടേയും മറ്റു ഉപകരണങ്ങള്‍ക്കു മുകളിലൂടെയുമാണ് എലികളുടെ പരക്കം പാച്ചില്‍. വിഡിയോ വൈറലായതോടെ കടുത്ത വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നിരിക്കുകയാണ്.