തരന്‍ താരന്‍- ഭീകരരുടെ ആക്രമണം നിരവധി തവണ അതിജീവിക്കുകയും ഭീകര്‍ക്കെതിരെ ധീര പോരാട്ടം നടത്തി ശൗര്യ ചക്ര പുരസ്‌ക്കാരം നേടുകയും ചെയ്ത പഞ്ചാബി പ്രമുഖന്‍ ബല്‍വീന്ദര്‍ സിങിനെ അജ്ഞാത അക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തി. തരന്‍ താരന്‍ ജില്ലയിലെ ഭിഖ്‌വിന്‍ഡില്‍ അദ്ദേഹം നടത്തുന്ന സ്‌കൂളിന്റെ ഗേറ്റ് തുറക്കുന്നതിനിടെ പുറത്ത് ഒളിഞ്ഞിരുന്ന അക്രമികള്‍ വെടിവെക്കുകയായിരുന്നുവെന്ന് ദി ട്രിബ്യൂണ്‍ റിപോര്‍ട്ട് ചെയ്യുന്നു. അഞ്ചു തവണ വെടിയേറ്റ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടു പേരടങ്ങുന്ന സംഘം കാറിലാണ് എത്തിയതെന്നും ബൈക്കിലായിരുന്നുവെന്നും റിപോര്‍ട്ടുണ്ട്.
ഇടതുപക്ഷക്കാരനായ ബല്‍വീന്ദര്‍ സിങിന്റെ കൊലപാതകം അന്വേഷിക്കാന്‍ മുഖ്യമന്ത്രി അമീരന്ദര്‍ സിങ് ഫിറോസ്പൂര്‍ ഡിഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയോഗിച്ചു. പ്രതികളെ കണ്ടെത്തുന്നതിനായി എസ്‌ഐടി നാലു പ്രത്യേക സംഘങ്ങളെ ചുമതലപ്പെടുത്തി.
പഞ്ചാബിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഭീകരരെ ചെറുക്കുന്നതിന് വലിയ പോരാട്ടം നടത്തിയ ആളാണ് ബല്‍വീന്ദര്‍ സിങെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭീകരര്‍ നിരന്തരം വേട്ടയാടിയിരുന്ന ബല്‍വീന്ദര്‍ സിങിന് സര്‍ക്കാര്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഒരു വര്‍ഷം മുമ്പാണ് സര്‍ക്കാര്‍ ഇതു പിന്‍വലിച്ചത്. 1990, 91 വര്‍ഷങ്ങളില്‍ നിരവധി തവണ ഭീകരരുടെ ആക്രമണങ്ങളില്‍ നിന്ന് അദ്ദേഹം രക്ഷപ്പെട്ടിട്ടുണ്ട്. 1990 സെപ്തംബറില്‍ നടന്ന 200 പേരടങ്ങുന്ന ഭീകര സംഘത്തിന്റെ ആക്രമണത്തെ ചെറിയ തോക്കുകള്‍ കൊണ്ട് ചെറുത്തു തോല്‍പ്പിച്ചത് ബല്‍വീന്ദറിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പോരാട്ട വിജയമായിരുന്നു. ആധുനിക തോക്കുകളുമായി അഞ്ചു മണിക്കൂറോളം ഭീകരര്‍ നടത്തിയ ആക്രമണത്തെ പിസ്റ്റളുകളും സ്റ്റെന്‍ തോക്കും ഉപയോഗിച്ചാണ് ബല്‍വീന്ദറും സഹോദരനും നേരിട്ടത്. ബല്‍വീന്ദറിന്റെ പ്രതിരോധത്തില്‍ തളര്‍ന്ന ഭീകരര്‍ പിന്മാറുകയായിരുന്നു. ഈ പോരാട്ടത്തിന് 1993ല്‍ അദ്ദേഹത്തെ ശൗര്യചക്ര നല്‍കി ആദരിച്ചു. ബല്‍വീന്ദറിന്റെ ഈ പോരാട്ടം രാജ്യാന്തര തലത്തില്‍ വലിയ വാര്‍ത്തയായിരുന്നു.