ന്യൂദല്‍ഹി- ഇന്ത്യന്‍ സേനയില്‍ ഇതുവരെ ഇല്ലാതിരുന്ന മുസ് ലിം റെജമെന്റിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ സൈനികരെ അവഹേളിക്കുകയും ഇകഴ്ത്തുകയും ചെയ്യുന്ന കുപ്രചരണം വൈറലയാതോടെ പരാതിയുമായി മുന്‍ സൈനിക ഓഫീസര്‍മാര്‍. സര്‍വസേനാധിപതിയായ രാഷ്ട്രപതി റാംനാഥ് കോവിന്ദിനാണ് ഇതു സംബന്ധിച്ച് 120 മുന്‍ സൈനിക ഓഫീസര്‍മാര്‍ പരാതി നല്‍കിയത്. 1965ലെ ഇന്ത്യാ-പാക് യുദ്ധത്തില്‍ പാക്കിസ്ഥാനെതിരെ യുദ്ധം ചെയ്യാന്‍ സന്നദ്ധരാകാത്ത മുസ്‌ലിം റെജിമെന്റിനെ പിരിച്ചു വിട്ടിരുന്നു എന്നാണ് വ്യാജ പ്രചരണം. എന്നാല്‍ 1956 വരേയോ അതിനു ശേഷമോ ഇന്ത്യന്‍ സൈന്യത്തില്‍ ഒരു മുസ് ലിം റെജിമെന്റ് ഉണ്ടായിട്ടില്ലെന്ന് പരാതിയില്‍ മുന്‍ സൈനിക ഓഫീസര്‍മാര്‍ വ്യക്തമാക്കുന്നു. രാജ്യത്തോടും നമ്മുടെ സൈന്യത്തോടും ശത്രുതയുള്ള ശക്തികളാണ് ഈ പച്ചക്കള്ളം പ്രചരിപ്പിക്കുന്നതിന് പിന്നിലെന്നും ഇത് സൈനികരുടെ ആത്മവീര്യത്തേയും ദേശീയ സുരക്ഷയേയും പ്രതികൂലമായി ബാധിക്കുമെന്നും സൈനികള്‍ ചൂണ്ടിക്കാട്ടി.
2013 മുതല്‍ നടന്നു വരുന്ന ഈ വ്യാജ പ്രചരണം ഈയിടെ ഇന്ത്യാ-ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമായപ്പോഴാണ് വീണ്ടും വ്യാപകമായത്. ഫേസ്ബു്ക്കിലും ട്വിറ്ററിലും ഇതു പ്രചരിക്കുന്നത് തെളിവു സഹിതമാണ് രാഷ്ട്രപതിക്ക് പരാതി നല്‍കിയിരിക്കുന്നത്.
എല്ലാ വിഭാഗക്കാരും ഉള്‍പ്പെട്ട റെജിമെന്റിന്റെ ഭാഗമായി സേവനം ചെയ്യുന്ന മുസ് ലിം സൈനികരും രാഷ്ട്രത്തിനു വേണ്ടി പൊരുതുന്നവരാണെന്നും ഇവര്‍ പൂര്‍ണ പ്രതിബദ്ധതയുള്ളവരാണമെന്നും കത്തില്‍ സൈനികര്‍ പറഞ്ഞു. പരംവീര്‍ ചക്ര ബഹുമതി ലഭിച്ച ഹവില്‍ദാര്‍ അബ്ദുല്‍ ഹമീദ്, സ്വന്തം അമ്മാവന്‍ നയിച്ച പാക്കിസ്ഥാന്‍ സേനാ വിഭാഗത്തോടു പൊരുതുന്നതിനിടെ രക്തസാക്ഷിയായ മേജര്‍ അബ്ദുല്‍ റഫീ ഖാന്‍ എന്നീ പേരുകളും കത്തില്‍ സൂചിപ്പിച്ചു.