റിയാദ് - പ്രവിശ്യാ സൗദിവൽക്കരണ പദ്ധതിയുടെ ഭാഗമായി അൽജൗഫ് പ്രവിശ്യയിൽ ഏതാനും തൊഴിലുകളും മേഖലകളും സൗദിവൽക്കരിക്കാൻ തീരുമാനം. മാനവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത്. സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനും തൊഴിൽ വിപണിയിൽ സ്വദേശി യുവതീയുവാക്കളുടെ പങ്കാളിത്തം വർധിപ്പിക്കാനും സുസ്ഥിര സാമ്പത്തിക വികസന പദ്ധതികൾക്ക് പിന്തുണ നൽകാനും ശ്രമിച്ചാണ് അൽജൗഫ് പ്രവിശ്യയിൽ പ്രത്യേകമായി ചില തൊഴിലുകൾ സൗദിവൽക്കരിക്കാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചത്.
അതേസമയം, സൗദിവൽക്കരണ പദ്ധതിയായ നിതാഖാത്തിൽ വനിതകൾക്ക് പ്രത്യേക വെയ്‌റ്റേജ് ഇല്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഒരു സൗദി വനിതയെ നിയമിക്കുന്നത് രണ്ടു സൗദികൾക്ക് തൊഴിൽ നൽകുന്നതിന് തുല്യമായി നിതാഖാത്തിൽ കണക്കാക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശരിയല്ലെന്നും ഒരു സൗദി വനിതക്ക് ജോലി നൽകുന്നത് ഒരു സൗദി പൗരന് ജോലി നൽകുന്നതിന് തുല്യമായാണ് നിതാഖാത്തിൽ കണക്കാക്കുകയെന്ന് മന്ത്രാലയം വ്യക്തമാക്കി.