ചണ്ഡീഗഡ്- കോടീശ്വരനായ സന്യാസി ബാബ രാംദേവിന്റെ ഗുരു ആരാണ്? കാല കമാലി ബാബയുടെ ആസ്ഥാനം ഹരിയാനയില്‍ എവിടെയാണ്? സര്‍ക്കാര്‍ സര്‍വീസിലേക്ക് പുതുതായി ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിന് ഹരിയാന സര്‍ക്കാര്‍ നടത്തിയ പരീക്ഷയിലെ പൊതുവിജ്ഞാന ചോദ്യങ്ങളില്‍ ചിലതാണിവ.
ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം രണ്ടു വര്‍ഷത്തിനിടെ സംസ്ഥാനത്തു നടന്ന സര്‍ക്കാര്‍ പരീക്ഷകളിലെ ഇത്തരം ചോദ്യങ്ങളുടെ യുക്തി ചോദ്യം ചെയ്ത് സാമൂഹിക പ്രവര്‍ത്തകരും ഉദ്യോഗാര്‍ഥികളും രംഗത്തെത്തിയിരിക്കുകയാണ്. പോലീസ് കോണ്‍സ്റ്റബിള്‍, ക്ലര്‍ക്ക്, ഫൂഡ് ഇന്‍സ്പെക്ടര്‍, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ്, പമ്പ് ഓപറേറ്റര്‍ തുടങ്ങിയ പോസ്റ്റുകളിലേക്ക് ഹരിയാന സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തിയ തെരഞ്ഞെടുപ്പു പരീക്ഷകളിലാണ് ഇത്തരം ചോദ്യങ്ങള്‍.
ഇതു സംബന്ധിച്ച് പ്രതികരിക്കാന്‍ സെലക്ഷന്‍ കമ്മീഷന്‍ ഇതുവരെ തയാറായിട്ടില്ല. അതേസമയം ബി.ജെ.പി ഇതിനെ പ്രതിരോധിച്ചു രംഗത്തു വരികയും ചെയ്തു. ഈ ചോദ്യങ്ങള്‍ സംസ്ഥാനത്തെ സമൂഹിക ഘടനയുമായി ബന്ധപ്പെട്ടവയാണെന്നും ഉദ്യോഗാര്‍ഥികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണെന്നും ബി.ജെ.പി വക്താവ് രമണ്‍ മാലിക് പറഞ്ഞു.
ചില ചോദ്യങ്ങള്‍ അപേക്ഷിച്ച പോസ്റ്റുകളുമായി യാതൊരു ബന്ധവുമില്ലാത്തവയാണെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു. ഇത്തരം ചോദ്യങ്ങള്‍ക്കു പിന്നിലെ യുക്തി മനസ്സിലാകുന്നില്ലെന്ന് പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ എഴുതിയ അലോക് കുമാര്‍ എന്ന ഉദ്യോഗാര്‍ഥി പറഞ്ഞു.