ധന്‍ബാദ്- റേഷന്‍ കാര്‍ഡില്ലാത്തതിന്റെ പേരില്‍ ഭക്ഷ്യ ധാന്യം ലഭിക്കാതെ ബാലിക പട്ടിണികിടന്നു മരിച്ച് ആഴ്ചകള്‍ക്കു ശേഷം ജാര്‍ഖണ്ഡില്‍ വീണ്ടും പട്ടിണി മരണം. പൊതുവിതരണ പട്ടികയില്‍ പേരില്ലാത്തതിനെ തുടര്‍ന്ന് റേഷന്‍ മുടങ്ങിയ റിക്ഷക്കാരനാണ് പട്ടിണി കിടന്നു മരിച്ചത്. ധന്‍ബാദിലെ ജാരി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തിലാണ് സഭവം. റിക്ഷ വലിച്ച് ഉപജീവനം നടത്തിയിരുന്ന ബൈദ്യനാഥ് രവിദാസാണ് മരിച്ചത്. റേഷന്‍ കാര്‍ഡില്ലാത്തതിന്റെ പേരില്‍ ഒരാഴ്ചയോളം കഴിക്കാന്‍ ഒന്നും ലഭിച്ചിരുന്നില്ലെന്ന് ഭാര്യ പാര്‍വതി ദേവി പറയുന്നു.
അതേസമയം ബൈദ്യനാഥ് ആസ്തമ രോഗിയായിരുന്നെന്നും രോഗം മൂലമാണ് മരിച്ചതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഒരാഴ്ചയായി ബൈദ്യനാഥ് കിടപ്പിലായിരുന്നുവെന്നും ഭക്ഷണം ലഭിക്കാത്തത് ആരോഗ്യ സ്ഥിതി വഷളാക്കുകയായിരുന്നെന്നും പാര്‍വതി പറയുന്നു.
നാലുവര്‍ഷമായി കുടുംബത്തിന് റേഷന്‍ കാര്‍ഡില്ല. റേഷന്‍ കാര്‍ഡ് എടുക്കാനായി ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. ബൈദ്യനാഥിന്റെ സഹോദരന്‍ ജഗോ രവിദാസിന്റെ പേരിലായിരുന്നു നേരത്തെ ബിപിഎല്‍ റേഷന്‍ കാര്‍ഡ് ഉണ്ടായിരുന്നത്. അദ്ദേഹം മരിച്ചതോടെ ആ റേഷന്‍ കാര്‍ഡില്‍നിന്ന് തങ്ങളെ വെട്ടിയെന്ന് കുടുംബം ആരോപിക്കുന്നു. പിന്നീട് പുതിയ റേഷന്‍ കാര്‍ഡ് എടുക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും നടന്നിട്ടില്ലെന്ന് പാര്‍വതി പറഞ്ഞു.
ഇവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കാത്തതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് സംസ്ഥാന പൊതുവിതരണ വകുപ്പു ഡയറക്ടര്‍ സുനില്‍ കുമാര്‍ സിന്‍ഹ അറിയിച്ചു. അടിയന്തിര ധനസഹായമായി 20000 രൂപ സര്‍ക്കാര്‍ ബൈദ്യനാഥിന്റെ കുടുംബത്തിന് കൈമാറി. കുടുംബത്തിന് ഉടന്‍ റേഷന്‍ കാര്‍ഡ് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
പട്ടിണിയാണെന്ന കുടുംബത്തിന്റെ ആരോപണം ശരിയല്ലെന്ന് ധന്‍ബാദ് ഡെപ്യൂട്ടി കമ്മീഷണര്‍ എ ദോഡെ പറഞ്ഞു. ബൈദ്യനാഥന്റെ ഭാര്യയും മകനും ജോലിക്കു പോകുന്നവരാണെന്നും പ്രതിമാസം 3000 രൂപയ്ക്കു മേല്‍ ഇവര്‍ സമ്പാദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെറിയ വീട്ടുജോലികളാണ് പാര്‍വതി ചെയ്തു വരുന്നത്. ഭര്‍ത്താവ് റിക്ഷവലിച്ചും ഉപജീവനം കണ്ടെത്തിയിരുന്നു. എങ്കിലും ഇവരെ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.