മലപ്പുറം- സംസ്ഥാനത്ത് ഇന്നലെ ഏറ്റവുമധികം കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത് മലപ്പുറത്ത്. ജില്ലയിൽ ആദ്യമായി പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരം കടന്നു. ചികിൽസയിൽ കഴിയുന്ന മൊത്തം രോഗികളുടെ എണ്ണം അയ്യായിരത്തിലേറെയായി.
ആരോഗ്യ വകുപ്പ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടത്തുന്നതിനിടെയാണ് ഇന്നലെ രോഗബാധിതരായവരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായത്. 1,040 പേർക്കാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിലുണ്ടായ ക്രമാതീതമായ വർധനവിന് തുടർച്ചയായാണ് പ്രതിദിന രോഗബാധിതർ 1,000 കവിഞ്ഞത്.
രോഗം സ്ഥിരീകരിച്ചവരിൽ സമ്പർക്കത്തിലൂടെ വൈറസ് ബാധിതരാണ് കൂടുതൽ. 970 പേർക്കാണ് നേരിട്ടുള്ള സമ്പർക്കത്തിലൂടെ വൈറസ് ബാധയുണ്ടായത്. ഉറവിടമറിയാതെ 54 പേർക്കും നാല് ആരോഗ്യ പ്രവർത്തകർക്കും കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതരായവരിൽ അഞ്ച് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ഏഴ് പേർ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. അതേസമയം 525 പേർ വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയിൽ ഇന്ന് രോഗമുക്തരായി. ഇതുവരെ 16,006 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയിൽ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
38,537 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 5,261 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 530 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 1,820 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവർ വീടുകളിലും കോവിഡ് കെയർ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,65,017 സാമ്പിളുകളാണ് ജില്ലയിൽ നിന്ന് പരിശോധനക്കയച്ചത്. ഇതിൽ 5,477 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ട്.