Sorry, you need to enable JavaScript to visit this website.

കോവിഡ് ബാധിച്ചാൽ മമതയെ കെട്ടിപ്പിടിക്കുമെന്ന് ബി.ജെ.പി നേതാവ്; പോലീസ് കേസെടുത്തു

കൊൽക്കത്ത- തനിക്ക് കോവിഡ് സ്ഥിരീകരിച്ചാൽ ആദ്യം പോയി മുഖ്യമന്ത്രി മമത ബാനർജിയെ കെട്ടിപിടിക്കുമെന്ന് പ്രസ്താവന നടത്തിയ ബി.ജെ.പി ദേശീയ സെക്രട്ടറി അനുപം ഹസ്രക്കെതിരെ കേസെടുത്തു. വനിത മുഖ്യമന്ത്രിയെ അപമാനിക്കുന്ന പരാമർശമാണെന്നും പകർച്ചവ്യാധി വ്യാപിപ്പിക്കാനുള്ള ശ്രമമാണെന്നും ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസ് അഭയാർഥി സെൽ സിലിഗുരി പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിലാണ് കേസ്.

ബി.ജെ.പി ദേശീയ സെക്രട്ടറിയായി ചുമതലയേറ്റ അനുപം ഹസ്ര പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് ഹസ്രയും ബി.ജെ.പി പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തത്. മാസ്‌ക് ധരിക്കാതെയായിരുന്നു ഇവർ യോഗം നടത്തിയത്. എന്തുകൊണ്ടാണ് മാസ്‌ക് ധരിക്കാത്തത് എന്ന ചോദ്യത്തന് തങ്ങളുടെ പ്രവർത്തകർ കോവിഡിനേക്കാൾ വലിയ ശത്രുവിനോട് പോരാടുകയാണെന്നും അത് മമത ബാനർജിയാണെന്നുമാണ് പ്രതികരിച്ചത്.

കോവിഡ് ബാധിക്കുകയാണെങ്കിൽ താൻ പോയി മമത ബാനർജിയെ കെട്ടിപ്പിടിക്കുമെന്നും അവർക്ക് രോഗം വന്നാൽ മാത്രമേ ഈ മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖം മനസിലാകൂവെന്നും ഹസ്ര പറഞ്ഞിരുന്നു.
 

Latest News