ന്യൂദല്‍ഹി- ചെലവ് കുറഞ്ഞ, വേഗത്തില്‍ ഫലം ലഭിക്കുന്ന കോവിഡ് പരിശോധനയായ 'ഫെലുദ' ടെസ്റ്റിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ വാണിജ്യാനുമതി നല്‍കി. ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സി.ആര്‍.ഐ.എസ്.പി.ആര്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള 'ഫെലുദ' ടെസ്റ്റ് ടാറ്റയും കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ചും (സിഎസ്‌ഐആര്‍) ചേര്‍ന്നാണ് അവതരിപ്പിച്ചത്. കോവിഡിനു കാരണമാകുന്ന സാര്‍സ്-കോവ്-2 വൈറസിന്റെ ജനിതക ക്രമം തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് സി.ആര്‍.ഐ.എസ്.പി.ആര്‍ സാങ്കേതികവിദ്യ. രോഗങ്ങളെ കണ്ടെത്തുന്ന ഈ ജനികത എഡിറ്റിങ് സാങ്കേതികവിദ്യ വികസിപ്പിച്ചത് സിഎസ്‌ഐആറും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെനൊമിക്‌സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയും ചേര്‍ന്നാണ്.
നിലവില്‍ കൃത്യമായ ഫലം നല്‍കുന്ന ആര്‍ടി-പിസിആര്‍ പരിശോധനയേക്കാള്‍ വേഗത്തില്‍ ഫെലുദ ടെസ്റ്റ് ഫലം ലഭിക്കും. കൃത്യതയും ആര്‍ടി-പിസിആറിനു തുല്യമാണ്. ഉപകരണത്തിന് ചെലവ് കുറവായതിനാല്‍ പരിശോധനയ്ക്കും ചെലവ് കുറയും. ഇതു ഇന്ത്യയില്‍ വിപണിയില്‍ ഇറക്കാനുള്ള അനുമതിയും നിര്‍മാതാക്കള്‍ക്കു ലഭിച്ചു.