തിരുവനന്തപുരം- സോളാർ കമ്മീഷൻ റിപ്പോർട്ട് പരസ്യപ്പെടുത്തുന്നതിന്റെ മുന്നോടിയായി നിയമസഭ സമ്മേളനം ചേരാൻ തീരുമാനിച്ചു. അടുത്തമാസം ഒൻപതിന് ഒരു ദിവസത്തേക്കാണ് സമ്മേളനം ചേരുക. ഇന്ന് ചേർന്ന മന്ത്രിസഭ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
സോളാർ കമ്മീഷൻ റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വെക്കാതെ പരസ്യപ്പെടുത്തില്ലെന്ന നിലപാടായിരുന്നു മുഖ്യമന്ത്രിക്കുണ്ടായിരുന്നത്. നിയമസഭ സമ്മേളനം വിളിക്കണമെന്ന് ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു. ഈ സഹചര്യത്തിലാണ് സമ്മേളനം വിളിക്കാൻ സർക്കാർ തീരുമാനിച്ചത്. നിയമസഭ സമ്മേളനം ചേരുന്നത് സംബന്ധിച്ച് ഗവർണർക്ക് കത്തു നൽകും.