റിയാദ്- ഇറാഖിലേക്ക് 27 വര്‍ഷത്തിന് ശേഷം ആദ്യമായി സൗദി വിമാനം പറന്നു. 1990 ല്‍ അവസാനിച്ച വ്യോമ ബന്ധത്തിനാണ് ഇതോടെ പുതിയ തുടക്കമായത്. ഫ്‌ളൈ നാസ് വിമാനമാണ് ഇന്നലെ റിയാദില്‍നിന്ന് ബഗ്ദാദിലേക്ക് പറന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയാണിതെന്ന് നിരീക്ഷകര്‍ പറഞ്ഞു.
ഫ്‌ളൈ നാസ് തന്നെയാണ് ട്വിറ്ററില്‍ ഇക്കാര്യം അറിയിച്ചത്. ഞങ്ങളുടെ ആദ്യ വിമാനം ഇന്ന് റിയാദില്‍നിന്ന് ബഗ്ദാദിലേക്ക് പറന്നു. കാബിന്‍ ജീവനക്കാരുടേയും യാത്രക്കാരുടേയും ചിത്രങ്ങളും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
രണ്ട് സഹോദര രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വീണ്ടും തുറക്കാന്‍ ഈ യാത്ര സഹായകമാവുമെന്ന് ഫ്‌ളൈ നാസ് സി.ഇ.ഒ ബന്ദര്‍ അല്‍ മുഹന്ന പറഞ്ഞു. റിയാദ്ബഗ്ദാദ് യാത്രക്ക് ഏഴ് യൂറോ ആണ് ഫ്‌ളൈനാസ് യാത്രക്കൂലിയായി ഈടാക്കിയത്.
കുവൈത്തിനെ ആക്രമിക്കാന്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് 1990 ല്‍ ഇറാഖ്‌സൗദി വ്യോമബന്ധം അവസാനിച്ചത്.