Sorry, you need to enable JavaScript to visit this website.

'വിദ്വേഷം വിതച്ച് ലാഭമുണ്ടാക്കുന്നു'; ഫേസ്ബുക്കില്‍ നിന്ന് എഞ്ചിനീയര്‍ രാജിവെച്ചു

വാഷിങ്ടണ്‍- ഇന്ത്യയുള്‍പ്പെടെ പലരാജ്യങ്ങളിലും വിദ്വേഷവും വര്‍ഗീയതയും വംശീയതയും പ്രചരിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക്കിനെതിരെ പ്രതിഷേധവും അമര്‍ഷവും ശക്തമായി തുടരുന്നതിനിടെ കമ്പനിയില്‍ നിന്നും മുതിര്‍ന്ന ജീവനക്കാരുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു. യുഎസിലും ആഗോള തലത്തിലും വിദ്വേഷം പ്രചരിപ്പിച്ച് ലാഭമുണ്ടാക്കുന്ന കമ്പനിയില്‍ തുടരാന്‍ കഴിയില്ലെന്ന നിലപാട് വ്യക്തമാക്കി സോഫ്റ്റ്‌വെയര്‍ ഒരു എഞ്ചിനീയര്‍ കൂടി രാജിവെച്ചു. 28കാരനായ അശോക് ചന്ദ്വാനിയാണ് ഉറച്ച നിലപാട് സ്വീകരിച്ച് മികച്ച പ്രതിഫലമുള്ള ജോലി ഉപേക്ഷിച്ചത്. 'വിദ്വേഷത്തിലൂടെ ലാഭമുണ്ടാക്കുന്ന ഒരു സ്ഥാപനത്തെ സഹായിക്കാന്‍ ഇനിയും കഴിയില്ല എന്നതിലാണ് ഞാന്‍ രാജിവെക്കുന്നത്,' സുദീര്‍ഘമായ കത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിലെ ജീവനക്കാര്‍ക്കു മാത്രമായുള്ള നെറ്റ്‌വര്‍ക്കിലാണ് അശോക് തന്റെ രാജിക്കത്ത് പരസ്യപ്പെടുത്തിയതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്യുന്നു.

മികച്ച പിന്തുണ നല്‍കുന്ന സൗഹാര്‍ദപരമായ തൊഴില്‍ അന്തരീക്ഷമാണ് ഫേസ്ബുക്കിലേത്. എന്നാല്‍ കമ്പനിയുടെ നേതൃത്വം സാമൂഹിക നന്മയെ പ്രോത്സാഹിപ്പിക്കുക എന്നതില്‍ നിന്നു മാറി കാലക്രമേണ ലാഭത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച നിലയിലേക്കു മാറി എന്ന യാഥാര്‍ത്ഥ്യം ഇപ്പോള്‍ തിരിച്ചറിഞ്ഞുവെന്നും അശോക് പറയുന്നു. മ്യാന്‍മറിലെ വംശഹത്യയില്‍ ഫേസ്ബുക്ക് വഹിച്ച പങ്കും ഏറ്റവുമൊടുവില്‍ കെനോഷയിലെ അക്രമത്തിലെ പങ്കും അശോക് കത്തില്‍ എടുത്തു പറയുന്നുണ്ട്. ആളുകളോട് ആയുധങ്ങളും തോക്കുകളുമെടുത്ത് തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്യുന്ന ഒരു തീവ്രവാദ ഗ്രൂപ്പിന്റെ വിഡിയോ നീക്കം ചെയ്യുന്നതില്‍ ഫേസ്ബുക്ക് പരാജയപ്പെട്ടിരുന്നു. ഇത് വെടിവെപ്പിലേക്കു നയിക്കുകയും ചെയ്തിരുന്നു. പ്രവര്‍ത്തന അബദ്ധം എന്നായിരുന്നു ഫേസ്ബുക്ക് മേധാവി ഇതിനെ വിശേഷിപ്പിച്ചത്. കൊള്ള നടന്നാല്‍ വെടിവെപ്പും നടക്കുമന്നെ പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപിന്റെ പോസ്റ്റ് നീക്കം ചെയ്യുന്നതിലും ഫേസ്ബുക്ക് പരാജയപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

പലരാജ്യങ്ങളിലും വിദ്വേഷ പ്രചരണങ്ങളേയും വ്യാജ വാര്‍ത്തകളെയും പിന്താങ്ങുന്ന കമ്പനിയുടെ നടപടി ഫേസ്ബുക്ക് ജീവനക്കാര്‍ക്കിടയില്‍ തന്നെ വലിയ മുറുമുറുപ്പുണ്ടാക്കിയിരിക്കുകയാണ്. അതേസമയം വിദ്വേഷത്തില്‍ നിന്ന് ഒരു ലാഭവും ഉണ്ടാക്കുന്നില്ലെന്ന് ഫേസ്ബുക്ക് വക്താവ് ലിസ് ബൂര്‍ഷ്യസ് പറഞ്ഞു. ഉപയോക്താക്കളുടെ സുരക്ഷിതത്വത്തിനായി ഓരോ വര്‍ഷവും ശതകോടിക്കണക്കിന് ഡോളറാണ് കമ്പനി ചെലവിടുന്നതെന്നും നയങ്ങള്‍ പരിഷ്‌ക്കരിക്കാന്‍ പുറത്തു നിന്നുള്ള വിദഗ്ധരുടെ അടക്കം സഹായം സ്വീകരിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു.
 

Latest News