ദുബയ് -ദുബായിലെ ഷോപ്പിങ് കേന്ദ്രങ്ങളിലും മാളുകളിലും പുകവലിക്കുന്നവരെ പിടികൂടാൻ അതാതിടങ്ങളിലെ സെക്യൂരിറ്റി ജീവനക്കാർക്ക് നിർദേശം നൽകി. പുകവലി വിലക്കിയ പൊതുസ്ഥലങ്ങളിൽ ഇലക്ട്രോണിക് സിഗരറ്റു വലി അനുവദിക്കുന്നതായി ദുബയ് മുനിസിപ്പൽ അധികൃതതരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പുകവലി നിരോധനം കർശനമാക്കാൻ തീരുമാനിച്ചത്.
ചില ഷോപ്പിങ് മാളുകളുടെ പ്രവേശന കവാടത്തിനു സമീപമാണ് പുകവലി അനുവദിക്കുന്നത്. ഇതു കണ്ടെത്തിയാൽ പോലീസിനെ വിവരമറിയിക്കാൻ മാളുകളിലെ സെക്യൂരിറ്റി ജീവനക്കാരോട് നിർദേശിക്കണമെന്ന് പൊതുജനാരോഗ്യ വിഭാഗം മേധാവി റിദ സൽമാൻ അറിയിച്ചു. പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ചു കൊണ്ട് 2009ൽ കൊണ്ടു വന്ന നിയമപ്രകാരം ഇ സിഗരറ്റുകളുടെ ഉപയോഗത്തിനു വിലക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പുകവലി നിരോധനം കർശനമാക്കുന്നതിന്റെ ഭാഗമായി ദുബായിലെ മാളുകളുടേയും ഷോപ്പിങ് സെന്ററുകളുടേയും ഉദ്യോഗസ്ഥരെ വിളിച്ചുകൂട്ടി മുനിസിപ്പൽ അധികൃതർ പ്രത്യേക യോഗം ചേർന്നിരുന്നു. ഷോപ്പിങ് കേന്ദ്രങ്ങളിൽ പുകവലിക്കാരുടെ ശല്യം അസഹനീയമാകുന്നതായി ഉപഭോക്താക്കളുടെ പരാതികളെ തുടർന്നായിരുന്നു ഇത്. 2009ലെ പുകലവലി നിരോധന നിയമ പ്രകാരം പൊതുസ്ഥലങ്ങളിൽ പുകവലിച്ചാൽ 1000 ദിർഹം വരെ പിഴയടക്കേണ്ടി വരും.