തിരുവനന്തപുരം- പഠനം പൂര്‍ത്തിയാക്കി പുതുതായി ജോലിയില്‍ പ്രവേശിച്ച സംസ്ഥാനത്തെ 950 ജൂനിയര്‍ ഡോക്ടര്‍മാരില്‍ 868 പേരും ശമ്പളം വെട്ടിക്കുറച്ചതിന്റെ പേരില്‍ രാജിക്കത്തു നല്‍കി. സംസ്ഥാനത്ത കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ജൂണിലാണ് സര്‍ക്കാര്‍ ഇവരെ കോവിഡ് ഫസ്റ്റ്‌ലൈന്‍ ചികിത്സാ കേന്ദ്രങ്ങളില്‍ നിയമിച്ചത്. മൂന്നു മാസത്തേക്കായിരുന്നു നിയമനം. മാസം 42,000 രൂപ ശമ്പളമാണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ സാലറി ചലഞ്ചിന്റെ പേരില്‍ 27000 രൂപയാക്കി വെട്ടിക്കുറച്ചതും രണ്ടു മാസമായിട്ടും പകുതിയോളം പേര്‍ക്ക് ശമ്പളം ലഭിക്കാത്തതുമാണ് കൂട്ടരാജിക്ക് കാരണം. കോവിഡ് കേസുകള്‍ വന്‍തോതില്‍ വര്‍ധിക്കാന്‍ തുടങ്ങിയതു മുതല്‍ സേവനത്തിലുണ്ട് ഇവര്‍. ടെംപററി മെഡിക്കല്‍ ഓഫീസര്‍ എന്ന പോസ്റ്റിലായിരുന്നു ഇവര്‍. ഭൂരിപക്ഷം പേരും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് രാജിക്കത്ത് നല്‍കി.
പ്രമുഖ ബ്രിട്ടീഷ് പത്രമായ ദി ടെലഗ്രാഫും ഈ വാര്‍ത്ത പ്രാധാന്യത്തോടെ അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. കോവിഡ് കാലത്ത് പ്രായോഗിക ചിന്തകള്‍ കൊണ്ട് മാറ്റമുണ്ടാക്കിയ ലോകത്തെ മികച്ച വ്യക്തികളെ കണ്ടെത്താന്‍ ബ്രിട്ടീഷ് പ്രസിദ്ധീകരണമായ പ്രോസ്‌പെക്ട് മാഗസിന്‍ നടത്തിയ ഒരു സര്‍വേ ആരോഗ്യ മന്ത്രി കെ കെ ശൈലജയെ ഒന്നാം സ്ഥാനം നേടിയത് കഴിഞ്ഞ ദിവസമായിരുന്നു.