കൊച്ചി- ക്രിക്കറ്റ് താരം ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയ ബി.സി.സി.ഐയുടെ നടപടികേരള ഹൈക്കോടതി ശരിവെച്ചു. ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച കേരള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിയാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. ബി.സി.സി.ഐയുടെ നടപടിയിൽ ഇടപെടാൻ ഹൈക്കോടതിക്ക് അനുവാദമില്ലെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. വിധിക്കെതിരെ രൂക്ഷമായ പ്രതികരണമാണ് ശ്രീശാന്ത് നടത്തിയത്. തനിക്കൊപ്പം വിലക്ക് ഏർപ്പെടുത്തിയ രാജസ്ഥാൻ റോയൽസിനെയും ചെന്നൈ സൂപ്പർ കിംഗ്‌സിനെയും ക്രിക്കറ്റിലേക്ക് മടക്കിക്കൊണ്ടുവരുമ്പോൾ തനിക്ക് മാത്രം സ്വാഭാവിക നീതി നിഷേധിക്കുകയാണെന്ന് ശ്രീശാന്ത് ട്വിറ്ററിലൂടെ പ്രതികരിച്ചു. ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് ശ്രീശാന്തിന്റെ തീരുമാനം.