മലപ്പുറം- ജില്ലയിൽ ഇന്നലെ 379 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 317 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 11 ആരോഗ്യ പ്രവർത്തകർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. 33 പേർക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. രോഗം സ്ഥിരീകരിച്ചവരിൽ എട്ട് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന 10 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. അതേ സമയം 373 പേർ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്നലെ രോഗമുക്തരായി. ഇതുവരെ 6,045 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി ആശുപത്രി വിട്ടത്. 2882 പേർ ഇപ്പോഴും ചികിൽസയിൽ കഴിയുന്നു.
രോഗബാധിതർ വർധിക്കുന്നതിനൊപ്പം കൂടുതൽ പേർ രോഗമുക്തരാകുന്നത് ആശ്വാസകരമാണെന്ന് ജില്ലാ കലക്ടർ പറഞ്ഞു.
46,195 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇതര ജില്ലക്കാരുൾപ്പെടെ 2,882 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്. ഇതിൽ 2,503 പേരാണ് മലപ്പുറം ജില്ലക്കാരായുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 340 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 1,630 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവർ വീടുകളിലും കോവിഡ് കെയർ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ആർ.ടി.പി.സി.ആർ, ആന്റിജൻ വിഭാഗങ്ങളിലുൾപ്പടെ ജില്ലയിൽ ഇതുവരെ പരിശോധനക്കയച്ച 91,172 സാമ്പിളുകളിൽ 1,250 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.