ദമാം - ബഖാല സൗദിവൽക്കരണം വേഗത്തിലാക്കുന്നതിന് പുതിയ പദ്ധതി വരുന്നു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും വിവിധ വകുപ്പുകളുടെ പ്രതിനിധികളടങ്ങിയ ബിനാമി ബിസിനസ് വിരുദ്ധ സമിതിയുമാണ് ഇതിനായി നീക്കം തുടങ്ങിയത്. സൗദിയിൽ ചില്ലറ വ്യാപാര മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയുടെയും ബിനാമി ബിസിനസ് വിരുദ്ധ പോരാട്ടത്തിന്റെയും ഭാഗമായാണിതെന്ന് അശ്ശർഖിയ ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച വെർച്വൽ സെമിനാറിൽ പങ്കെടുക്കവേ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിലെ വ്യാപാര മേഖലാ സൗദിവൽക്കരണ വിഭാഗം മേധാവി അബ്ദുസ്സലാം അൽതുവൈജിരി പറഞ്ഞു.
അടുത്തിടെ ഒമ്പതു മേഖലകളിൽ 70 ശതമാനം സൗദിവൽക്കരണം നിർബന്ധമാക്കിയിട്ടുണ്ട്. ചില്ലറ വ്യാപാര മേഖലാ സൗദിവൽക്കരണത്തിന്റെ രണ്ടാം ഘട്ടമായാണ് ഒമ്പതു മേഖലകൾക്ക് സൗദിവൽക്കരണം നിർബന്ധമാക്കിയത്. ആദ്യ ഘട്ടത്തിൽ ചില്ലറ വ്യാപാര മേഖലയിലെ 12 വിഭാഗം സ്ഥാപനങ്ങൾക്ക് 70 ശതമാനം സൗദിവൽക്കരണം നിർബന്ധമാക്കിയിരുന്നു. മൂന്നാം ഘട്ടത്തിൽ ചില്ലറ വ്യാപാര മേഖലയിൽ സൗദിവൽക്കരണ പ്രക്രിയ പൂർത്തിയാക്കുന്നതിന് ലക്ഷ്യമിടുന്നു. സൗദിവൽക്കരണ തീരുമാനം സ്ഥാപനങ്ങൾക്ക് മൂന്നു മാസം മുതൽ നാലു മാസം വരെ സാവകാശം അനുവദിക്കുന്നു. സൗദി യുവാക്കളെ നിയമിക്കാൻ നിരവധി സ്ഥാപനങ്ങൾ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്.
ബിനാമി വിരുദ്ധ പോരാട്ടത്തിന് രാജ്യം സംയുക്ത ശ്രമം നടത്തുന്നുണ്ട്. യഥാർഥ സൗദിവൽക്കരണത്തിന് ബിനാമി ബിസിനസ് പ്രവണത പ്രതിബന്ധമാണ്. സൗദിവൽക്കരണത്തിലൂടെ ബിനാമി ബിസിനസ് പ്രവണത പൂർണമായും ഇല്ലാതാക്കാൻ കഴിയില്ല. ബിനാമി ബിസിനസുകൾക്കുള്ള ചികിത്സയല്ല സൗദിവൽക്കരണം. ഭൂരിഭാഗം സ്വദേശി ഉദ്യോഗാർഥികളും പരിചയസമ്പത്തില്ലാത്തവരും സെക്കണ്ടറി, ഡിപ്ലോമ ബിരുദധാരികളുമാണ്. ഇത്തരക്കാരെ സ്വകാര്യ സ്ഥാപനങ്ങളിലെ ഉന്നത ജോലികളിൽ നിയമിക്കുക ദുഷ്‌കരമാണ്.
ചില്ലറ വ്യാപാര മേഖല നിരവധി സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കിയിട്ടുണ്ട്. ചില്ലറ വ്യാപാര മേഖലയിലെ പല തൊഴിലുകൾക്കും വലിയ പരിചയസമ്പത്ത് ആവശ്യമില്ല.
സൗദിവൽക്കരണ തീരുമാനം പ്രഖ്യാപിക്കുന്നതിനു മുമ്പായി അതത് മേഖലകളുമായി അതേക്കുറിച്ച് വിശകലനം ചെയ്യാൻ മന്ത്രാലയം പ്രത്യേകം ശ്രദ്ധ കാണിക്കുന്നുണ്ട്. എല്ലാ പ്രവിശ്യകളെയും ഉൾപ്പെടുത്തി വിപണിയെക്കുറിച്ച് പഠിച്ചും ഓരോ മേഖലയിലും തൊഴിൽ തേടുന്ന സൗദി യുവാക്കളുടെ എണ്ണം മനസ്സിലാക്കിയുമാണ് സൗദിവൽക്കരണ തീരുമാനം പ്രഖ്യാപിക്കുന്നത്. സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സിലെ വാണിജ്യ കമ്മിറ്റിയെ ഉൾപ്പെടുത്തി രൂപീകരിച്ച സംയുക്ത സമിതി വഴി അഞ്ചു മാസത്തോളം വിശദമായി പഠിച്ച ശേഷമാണ് ഒമ്പതു മേഖലകളിൽ സൗദിവൽക്കരണം നടപ്പാക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നും അബ്ദുസ്സലാം അൽതുവൈജിരി പറഞ്ഞു.
പച്ചക്കറി വ്യാപാര മേഖലയിൽ 100 ശതമാനം സൗദിവൽക്കരണം നടപ്പാക്കാൻ നേരത്തെ ലക്ഷ്യമിട്ടിരുന്നെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിലെ സൗദിവൽക്കരണ പദ്ധതി ഡയറക്ടർ ബന്ദർ അൽഹബാനി പറഞ്ഞു. എന്നാൽ 70 ശതമാനം സൗദിവൽക്കരണം ബാധകമായ ഒമ്പതു പ്രവർത്തന മേഖലകളിൽ പച്ചക്കറി വ്യാപാര മേഖലയെയും മന്ത്രാലയം പിന്നീട് ഉൾപ്പെടുത്തുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.