തിരുവനന്തപുരം- സംസ്ഥാന സര്‍ക്കാരില്‍ അവിശ്വാസം പ്രകടിപ്പിച്ച് യു.ഡി.എഫ് നല്കിയ പ്രമേയത്തിന്റെ ചര്‍ച്ച തിങ്കളാഴ്ച രാവിലെ നിയമസഭയില്‍ നടക്കും. പ്രതിപക്ഷത്തുനിന്നു വി.ഡി. സതീശന് ആണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. രാവിലെ ഒമ്പതിന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സഭാസമ്മേളനം നടക്കുക. എം.എല്‍.എമാരെ ആന്റീജന്‍ പരിശോധന നടത്തിയ ശേഷമാണ് സമ്മേളന ഹാളിലേക്ക് പ്രവേശിപ്പിക്കുക.
അഞ്ച് മണിക്കൂറാണ് ചര്‍ച്ചക്ക് സമയം അനുവദിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസും ലൈഫ് പദ്ധതിയുമെല്ലാം ചര്‍ച്ചയില്‍ ഇടം പിടിക്കുമ്പോള്‍ സഭ പ്രക്ഷുബ്ധമാകും. അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ ഭരണകക്ഷി ജയിക്കുമെന്ന് ഉറപ്പാണെങ്കിലും പിണറായി സര്‍ക്കാരിനെതിരെയുള്ള ആദ്യ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ അഴിമതിക്കഥകള്‍ ഒന്നൊന്നായി ആരോപണത്തില്‍ ഇടം പിടിക്കും.
അതേസമയം, പ്രതിപക്ഷത്തിന്റെ പഴകിപ്പുളിച്ച ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടി നല്കാന് സര്‍ക്കാരും ഇടതുപക്ഷവും സജ്ജമാണെന്ന് നിയമമന്ത്രി എ.കെ ബാലന് പറഞ്ഞു. സര്‍ക്കാരിന്റെ നിലനില്പിന് ഒരു ഭീഷണിയുമില്ലെന്നും പ്രതിപക്ഷത്തെ കശക്കിയെറിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.