ബെര്‍ലിന്‍- ഒരു സര്‍ക്കാര്‍ ജോലി ലഭിച്ചിട്ടു വേണം വെറുതെയിരിക്കാന്‍ എന്നത് നമ്മുടെ നാട്ടിന്‍പുറങ്ങളിലെ പതിവു തമാശകളിലൊന്നാണ്. എന്നാല്‍ ഒരു ജോലിയും ചെയ്യാതെ വെറുതെയിരിക്കാന്‍ മികച്ച സാമ്പത്തിക സഹായത്തോടെ ഒരു കോഴ്‌സ് തന്നെ ലഭിക്കുമെന്നാണെങ്കിലോ? അതെ, ജര്‍മനിയിലെ ഹംബര്‍ഗിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് ഫൈന്‍ ആര്‍ട്‌സ് ആണ് വിചിത്രമെന്നു തോന്നുന്ന ഈ പഠന പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഒന്നും ചെയ്യാതെ ഉദാസീനരും നിഷ്‌ക്രിയരുമായി വെറുതെ അങ്ങനെ ഇരിക്കുകയാണ് അപേക്ഷകര്‍ ചെയ്യേണ്ടതെന്നു യൂണിവേഴ്‌സിറ്റി പറയുന്നു. വെറുതെയിരിക്കുകയാണെങ്കിലും വെറുതെയിരിക്കേണ്ട, 1600 യുറോ (ഏകദേശം 1.41 ലക്ഷം രൂപ) 'അലസതാ ഗ്രാന്റ്' ആയി തിരഞ്ഞെടുക്കപ്പെട്ടുന്നവര്‍ക്ക് നല്‍കുകയും ചെയ്യും.
വിജയകരമായി വെറുതേയിരിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ ഈ കോഴ്‌സിന് അപേക്ഷിക്കാവുന്നതാണ്. ഇതിനു ചെയ്യേണ്ടത് വെറും നാലു ചോദ്യങ്ങള്‍ മാത്രമുള്ള അപേക്ഷ ഫോം പൂരിപ്പിച്ചു നല്‍കുകയാണ്. എന്തു ചെയ്യേണ്ടെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?, ഇത് എത്രകാലം ചെയ്യേണ്ടെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്, ഇക്കാര്യം പ്രത്യേകിച്ച് ചെയ്യേണ്ടെന്നത് പ്രധാനമാണെന്ന് നിങ്ങള്‍ കരുതുന്നത് എന്തു കൊണ്ട്?, ഈ ജോലി ചെയ്യാതിരിക്കാന്‍ ഒരാള്‍ക്കുണ്ടായിരിക്കേണ്ട യോഗ്യത എന്ത്? എന്നിവയാണ് ആ കിളിപോകുന്ന ചോദ്യങ്ങള്‍.
ഈ കോഴ്‌സിന്റെ സൈദ്ധാന്തിക വ്യവഹാരങ്ങളെ കുറിച്ച് ഈ ആശയം മുന്നോട്ടു വച്ച ഡിസൈന്‍ തിയറിസ്റ്റ് ഫ്രെഡ്രിക് വോന്‍ ബോറിസ് വിശദമാക്കുന്നുണ്ട്. സെപ്തംബര്‍ 15 വരെ അപേക്ഷ സ്വീകരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ക്ക് 2021 ജനുവരിയോടെ അലസതാ ഗ്രാന്റും ലഭിക്കും.