Sorry, you need to enable JavaScript to visit this website.

അക്‌സായ് ചിന്‍ ഇന്ത്യ തിരിച്ചുപിടിക്കുമോയെന്ന് ഭയന്ന് ചൈന

ന്യൂദല്‍ഹി-ലഡാക്കിലെ ദൗലത് ബേഗ് ഓള്‍ഡിയില്‍ (ഡിബിഒ) രാത്രികാലങ്ങളില്‍ ചിനൂക് ഹെലികോപ്റ്ററുകള്‍ പറത്തി വ്യോമസേന. ദാര്‍ബൂക്കില്‍ നിന്ന് ഷൈയോക്ക് നദി കടന്ന് നിയന്ത്രണരേഖക്ക് തൊട്ടുകിടക്കുന്ന ദൗലത് ബേഗ് ഓള്‍ഡിയിലേക്ക് ഇന്ത്യ റോഡ് നിര്‍മ്മിക്കുകയും സൈനികസാമഗ്രികള്‍ അതിര്‍ത്തിയിലെത്തിക്കുകയും ചെയ്തത് ചൈനയെ ഭയപ്പെടുത്തിയിരുന്നു.
തങ്ങളുടെ അധീനതയിലുള്ള അക്‌സായ് ചിന്‍ ഇന്ത്യ തിരിച്ചുപിടിക്കുമോയെന്നാണ് ചൈനയെ അലട്ടിയിരുന്ന ഒന്ന്. അക്‌സായ് ചിന്നില്‍ വന്‍തോതില്‍ ചൈനീസ് സൈന്യം തമ്പടിച്ചിരിക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ദൗലത് ബേഗ് ഓള്‍ഡിയില്‍ ചിനൂക് ഹെലികോപ്റ്ററുകള്‍ പറത്താന്‍ വ്യോമസേന തീരുമാനിച്ചത്.
ഉയര്‍ന്ന പ്രദേശങ്ങളിലേക്കു സൈന്യത്തെയും ഭാരമേറിയ യന്ത്രങ്ങളും എത്തിക്കാന്‍ സാധിക്കുന്ന ഹെലികോപ്റ്ററാണ് ചീനുക്. വാഹനങ്ങള്‍ക്കെത്താന്‍ കഴിയാത്ത ദുര്‍ഘട ഇടങ്ങളിലേക്കു സേനയ്ക്കാവശ്യമായ ഭാരമേറിയ യന്ത്രങ്ങള്‍, ആയുധങ്ങള്‍ എന്നിവ എത്തിക്കുകയെന്നതാണു ചിനൂക് ഹെലികോപ്റ്ററുകളുടെ ദൗത്യം. ഡിബിഒയില്‍ വിമാനമിറക്കാന്‍ സാധിക്കാതെ വന്നാല്‍ ആയുധങ്ങളും മറ്റും എത്തിക്കാന്‍ ചിനൂക് ഹെലികോപ്റ്ററുകളെ ആശ്രയിക്കേണ്ടി വരും.
സമുദ്രനിരപ്പില്‍ നിന്ന് 16,000 അടി ഉയരത്തിലുള്ള ദൗലത് ബേഗ് ഓള്‍ഡി യഥാര്‍ഥ നിയന്ത്രണരേഖയിലെ ഇന്ത്യയിലെ അവസാനത്തെ ഔട്ട് പോസ്റ്റാണ്. കാരക്കോറം ചുരത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഡിബിഒ ഇന്ത്യയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമാണ്. ഇത്രയും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ചീനൂക് രാത്രിയില്‍ എത്തിച്ച് ഉപയോഗിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തിലാണ് പരിശോധന നടക്കുന്നത്.
റഫാല്‍ യുദ്ധവിമാനങ്ങള്‍ സൈന്യത്തില്‍ സ്വാധീനം ചെലുത്തുന്നതുപോലെ തന്നെയാണ് ചിനൂക്കിന്റെയും പ്രവര്‍ത്തനം. രാത്രിയിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നതാണ് പ്രധാന മെച്ചം. ലോകത്തു നിലവിലുള്ള ഏറ്റവും കരുത്തുറ്റ ലിഫ്റ്റ് ഹെലികോപ്റ്ററുകളിലൊന്നാണു അമേരിക്കന്‍ നിര്‍മിതമായ ചിനൂക്.
 

Latest News