ന്യൂദല്‍ഹി- ആറു മാസം മുമ്പ് ഫ്രാന്‍സില്‍ പ്രസിഡന്റായി അധികാരമേറ്റ ഇമ്മാനുവെല്‍ മക്രോണ്‍ ത്രിദിന സന്ദര്‍ശത്തിനത്തിന് ഡിസംബര്‍ രണ്ടാം വാരം ഇന്ത്യയിലെത്തും. ഡിസംബര്‍ എട്ടു മുതല്‍ 10 വരെ സന്ദര്‍ശനത്തിനെത്തുന്ന മക്രോണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തും. ജൂലൈയില്‍ ഇരു നേതാക്കളും ഹംബര്‍ഗിലെ ജി-20 ഉച്ചക്കോടിക്കിടെ കണ്ടിരുന്നു. ഡിസംബറില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് (ഐഎസ്എ) ഉച്ചകോടിയില്‍ മക്രോണ്‍ മുഖ്യാതിഥിയാകുമെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. സൗരോര്‍ജ്ജ ഉല്‍പ്പാദനത്തില്‍ കരുത്തരായ 121 രാജ്യങ്ങളുടെ കൂട്ടായ്മയുടെ സുപ്രധാന സമ്മേളനമായിരിക്കുമിത്.
മുന്‍ പ്രസിഡന്റ് ഫ്രാങ്കേയിസ് ഹൊലാന്‍ദെയുടെ ഇന്ത്യ സന്ദര്‍ശനത്തിനു ശേഷം രണ്ടു വര്‍ഷം പിന്നിടാനിരിക്കെയാണ് ഫ്രാന്‍സിലെ ഏറ്റവും പ്രായം കുറഞ്ഞ പുതിയ പ്രസിഡന്റ് മക്രോണും ഇന്ത്യയിലെത്തുന്നത്. യുഎസിലും യൂറോപ്പിലും നിരവധി രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയ മക്രോണിന്റെ പ്രഥമ ഏഷ്യന്‍ ടൂറാണ് ഇന്ത്യാ സന്ദര്‍ശനം.
മക്രോണിന്റെ നയതന്ത്ര ഉപദേശകന്‍ ഫിലിപ്പെ എറ്റിയെനെ കഴിഞ്ഞയാഴ്ച പ്രധാമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിരോധ, സുരക്ഷാ മേഖലകളില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം മെച്ചപ്പെടുത്തുകയാണ് പ്രസിഡന്റിന്റെ സന്ദര്‍ശന ലക്ഷ്യം. 2016-ല്‍ ഒപ്പുവച്ച 36 റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറും പ്രധാന ചര്‍ച്ചയാകും. ആണവ സഹകരണം അടക്കമുള്ള കരാറുകളുടെ പുരോഗതിയും ഇരുരാജ്യങ്ങളും വിലയിരുത്തും.