റിയാദ് - കൊറോണ ബാധിതയായ സൗദി ബാലികയും പിതാവും തമ്മിലുള്ള സമാഗമത്തിന്റെ ദൃശ്യങ്ങള്‍ വൈറലായി.
ചില്ലു വാതിലിന് അപ്പുറവും ഇപ്പുറവും നിന്നാണ് കൊറോണ രോഗിയായ ബാലികയും കരള്‍ രോഗിയായ പിതാവും പരസ്പരം കണ്ടത്. ഇരുവരും സ്‌നേഹവാത്സല്യം പങ്കുവെക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഹൃദയസ്പര്‍ശിയായി.
വാതിലിന് അപ്പുറം നിന്ന് സൗദി പൗരന്‍ മകളുടെ കവിളില്‍ മുത്തം കൊടുക്കുകയും ഇരുവരും കൈകള്‍ പരസ്പരം അടുപ്പിച്ച് വെച്ച് സ്‌നേഹ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു.
കൂടിക്കാഴ്ചക്കിടെ ബാലിക പിതാവിനു മുന്നില്‍ ആവശ്യങ്ങളുടെ പട്ടിക നിരത്തുകയും എല്ലാം താനേറ്റെന്ന് പിതാവ് ആംഗ്യത്തില്‍ മറുപടി നല്‍കുകയും ചെയ്തു. ബാലികയുടെ സഹോദരന്‍ സിയാദ് അല്‍റുവൈസിന്‍ ആണ് വീഡിയോ ചിത്രീകരിച്ച് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.