പൂനെ- അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തില്‍ സ്ഥാപിക്കുന്ന ശ്രീരാമ വിഗ്രഹത്തിന് മീശ വേണമെന്ന് ഹിന്ദുത്വ നേതാവ് സംബാജി ബിഡെ. ഹിന്ദുത്വ സംഘടനയായ ശ്രീ ശിവപ്രതിഷ്ഠന്‍ ഹിന്ദുസ്ഥാനിന്റെ നേതാവാണ് ഇദ്ദേഹം.
രാമക്ഷേത്ര നിര്‍മാണത്തിനായുള്ള ഭൂമി പൂജ ബുധനാഴ്ച നടക്കാനിരിക്കെയാണ് ബിഡെ ആവശ്യമുന്നയിച്ച് രംഗത്തുവന്നത്.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് നേതൃത്വം കൊടുക്കുന്ന ക്ഷേത്ര ട്രസ്റ്റിലെ അംഗമായ ഗോവിന്ദ് ഗിരിജ് ്മഹാരാജിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് ബിഡെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാമവിഗ്രഹത്തിന് മീശ ഇല്ലെങ്കില്‍ പിന്നെ ക്ഷേത്രം നിര്‍മ്മിച്ചാലും തന്നെ പോലുളള രാമഭക്തര്‍ക്ക് ഒരു കാര്യവും ഇല്ലെന്നും ബിഡെ പറഞ്ഞു.
അയോധ്യയിലെ ഭൂമി പൂജയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ തുടങ്ങുന്നതിന് മുന്‍പ് ഛത്രപതി ശിവജി മഹാരാജിന്റെ ചിത്രത്തെ പൂജിക്കണമെന്നും സംബാജി ബിഡെ ആവശ്യപ്പെട്ടു.
അയോധ്യയിലെ ഭൂമി പൂജ ദീപാവലിയും ദസറയും പോലെയും ആഘോഷമാക്കാന്‍ സംബാജി ബിഡെ ജനങ്ങളെ ആഹ്വാനം ചെയ്തു.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതോടെ കോവിഡ് വൈറസിനെ തുരത്താനാകും എന്നാണ് ചിലര്‍ കരുതുന്നതെന്ന എന്‍.സി.പി നേതാവ് ശരത് പവാറിന്റെ പ്രസ്താവനയെ സംബാജി ബിഡെ അപലപിച്ചു. മുതിര്‍ന്ന രാഷ്ട്രീയ നേതാവായ ശരദ് പവാര്‍ പ്രസ്താവനകള്‍ നടത്തരുതായിരുന്നുവെന്ന് ബിഡെ പറഞ്ഞു. അയോധ്യയിലെ ഭൂമി പൂജയ്ക്ക് ക്ഷണം ലഭിച്ചില്ലെങ്കിലും ശരദ് പവാര്‍ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് പങ്കെടുക്കണമെന്നും സംബാജി ബിഡെ പറഞ്ഞു.