കൽപറ്റ-വയനാട്ടിൽ നാലു പേരിൽ കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നാലു പേർ രോഗമുക്തി നേടി. പുതിയ രോഗികളിൽ രണ്ടുപേർ ഇതര സംസ്ഥാനങ്ങളിൽനിന്നു വന്നതാണ്. രണ്ടു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജൂലൈ നാലിനു മുംബൈയിൽനിന്നു വന്നു സ്ഥാപന നിരീക്ഷണത്തിലായിരുന്ന പുൽപള്ളി സ്വദേശി (32), കർണാടകയിൽനിന്നു വന്നു 11 മുതൽ ചികിത്സയിലുള്ള തൊണ്ടർനാട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള കുഞ്ഞോം സ്വദേശികളായ 42 കാരി, 21 കാരൻ, 18 നു ബംഗളൂരുവിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന പടിഞ്ഞാറത്തറ സ്വദേശി (29) എന്നിവരിലാണ് ഇന്നലെ രോഗം കണ്ടെത്തിയത്. കാക്കവയൽ സ്വദേശി (62), വേലിയമ്പം സ്വദേശി (24), വെങ്ങപ്പള്ളി സ്വദേശി (26), കണിയാമ്പറ്റ സ്വദേശി (23) എന്നിവരുടെ കോവിഡ് പരിശോധനാ ഫലമാണ് നെഗറ്റീവായത്. നാലുപേരും ആശുപത്രി വിട്ടു.
ജില്ലയിൽ ഇതുവരെ 314 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ മരിച്ചു. 131 പേർ രോഗമുക്തി നേടി. 182 പേർ ചികിത്സയിലുണ്ട്. ഇവരിൽ 178 പേർ മാനന്തവാടി കോവിഡ് ആശുപത്രിയിലും മൂന്നു പേർ പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാൾ കണ്ണൂരിലുമാണ് ചികിത്സ നേടുന്നത്.
പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്നലെ 190 പേരെ നിരീക്ഷണത്തിലാക്കി. 251 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി. 3012 പേരാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയിൽനിന്നു ഇതിനകം പരിശോധനയ്ക്കയച്ച 13,740 സാമ്പിളിൽ 11,971 ഫലം ലഭിച്ചു. ഇതിൽ 11,657 എണ്ണം നെഗറ്റീവാണ്.