കോഴിക്കോട്- കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നെഫ്രോളജി വാര്‍ഡ് അടച്ചിട്ടു. വാര്‍ഡില്‍ നിലവില്‍ ചികിത്സയിലുള്ള പതിനാറ് രോഗികള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കും. നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഡോക്ടര്‍മാര്‍,നഴ്‌സുമാര്‍,ശുചീകരണ തൊഴിലാളികള്‍ അടക്കം 24 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒപിയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യമുള്ള രോഗികള്‍ മാത്രം ചികിത്സയ്ക്ക് എത്തിയാല്‍ മതിയെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു. ജില്ലയിലെ കണ്ണാടിക്കലില്‍ ഇരുപത്തിരണ്ടുകാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ പ്രാഥമിക സമ്പര്‍ക്കത്തില്‍ അറുപതോളം പേരാണ് ഉള്ളതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഒന്നിച്ച് ഫുട്‌ബോള്‍ കളിച്ച മുപ്പതോളം പേരും ബാക്കിയുള്ളവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.