കോട്ടയം- ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി ജലീൽ രചിച്ച മലബാർ കലാപം, ഒരു പുനർവായന എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് വീണ്ടും പുറത്തിറങ്ങുന്നു. റീ വിസിറ്റിംഗ് മലബാർ റബല്യൺ 1921 എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പാണ് പുറത്തിറങ്ങുന്നത്. ഡി.സി ബുക്സാണ് പ്രസാധകർ.ഇംഗ്ലീഷ് പതിപ്പിന്റെ കവർ ഡിസൈൻ ചെയ്തിരിക്കുന്നത് പ്രമുഖ ഡിസൈനർ സൈനുൽ ആബിദാണ്.മയ്യഴിക്കടുത്ത ഒളവിലം സ്വദേശിയായ ആബിദ് 'Dzain' എന്ന പേരിൽ കൊച്ചി ആസ്ഥാനമായി ഡിസൈനിങ്ങ് & ബ്രാന്റിങ് സ്ഥാപനം നടത്തുന്നുണ്ട്. രണ്ടായിരത്തോളം പുസ്തകങ്ങൾക്ക് മുഖച്ചട്ട രൂപകൽപന ചെയ്ത സൈനുൽ ആബിദ് മലയാളത്തിലെ പ്രമുഖ പത്രങ്ങളടക്കം ഇന്ത്യയിലെയും വിദേശത്തെയും നിരവധി പത്രങ്ങൾ റീഡിസൈൻ ചെയ്തിട്ടുണ്ട്.
ഫെയ്സ് ബുക്കിൽ എഴുതിയ പ്രസക്തമായ രാഷ്ട്രീയേതര കുറിപ്പുകൾ സമാഹരിച്ച് പുറത്തിറക്കുന്ന ''മുഖപുസ്തക ചിന്തകൾ ആസ്യാത്ത മുതൽ ആസ്യാത്ത വരെ'' എന്ന പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പും പ്രസിദ്ധീകരിക്കാനുള്ള കരാർ ഡിസിയുമായി ഒപ്പു വെച്ചതായി മന്ത്രി വ്യക്തമാക്കി. മതത്തെയും മതഭ്രാന്തിനെയും മതേതരത്വത്തെയും, ചരിത്രത്തിന്റെയും ജീവിതാനുഭവങ്ങളുടെയും വെളിച്ചത്തിൽ അപഗ്രഥിക്കുന്ന ലേഖനങ്ങളും പ്രസംഗങ്ങളും സമാഹരിച്ച് ''മതം മതഭ്രാന്ത് മതേതരത്വം'' എന്ന പേരിൽ തയ്യാറാക്കിയ പുസ്തകം ചിന്താ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കും.