കോട്ടയം- ക്വാറന്റൈന്‍ കഴിഞ്ഞ് തിരിച്ചെത്തിയ നഴ്‌സിനും മക്കള്‍ക്കും സ്വന്തം വീട്ടുകാരും ഭര്‍തൃവീട്ടുകാരും വിലക്കേര്‍പ്പെടുത്തി. ബംഗളുരുവില്‍ നിന്ന് നാട്ടിലെത്തിയതിനെ തുടര്‍ന്ന് പതിനാല് ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയെത്തിയ നഴ്‌സിനും നാലും ഏഴും വയസുള്ള മക്കള്‍ക്കുമാണ് ഈ ദുരിതം നേരിടേണ്ടി വന്നത്.
ക്വാറന്റൈന്‍ കഴിഞ്ഞ ശേഷം വ്യാഴാഴ്ച രാവിലെ ഇവരുടെ ഭര്‍ത്താവ് എത്തി കൂട്ടിക്കൊണ്ടുപോയി. എന്നാല്‍ കുറുമള്ളൂര്‍ വേദഗിരിയിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് പകരം യുവതിയുടെ വീടായ കുറുവിലങ്ങാട് നസ്രത്ത് ഹില്ലിലേക്കാണ് അദ്ദേഹം കൊണ്ടുപോയത്. വീടിന് സമീപത്ത് നിര്‍ത്തിയ ശേഷം ഇയാള്‍ മടങ്ങിപ്പോയി.
എന്നാല്‍ വീട് പൂട്ടിയിട്ടത് കണ്ട നഴ്‌സ് മാതാവിനെ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല. സഹോദരനെ വിളിച്ചപ്പോള്‍ വീട്ടില്‍ കയറ്റില്ലെന്ന് പറഞ്ഞു. മാതാവിന് ശ്വാസകോശ രോഗമുള്ളതിനാലാണ് വീട്ടില്‍ കയറ്റാത്തതെന്നാണ് അവര്‍ അറിയിച്ചത്.
ഇതോടെ ഭര്‍ത്താവിനെ വിളിപ്പോള്‍ ഭര്‍തൃവീട്ടിലും കയറ്റാന്‍ സാധിക്കില്ലെന്ന് അറിയിച്ചു. ഇതോടെ പെരുവഴിയിലായ ഇവര്‍ മകളെയും കൂട്ടി കളക്ട്രേറ്റില്‍ എത്തി പരാതി അറിയിച്ചു. മഹിളാ മന്ദിരത്തില്‍ പ്രവേശിപ്പിക്കാന്‍ കളക്ടര്‍ ഇടപ്പെട്ടെങ്കിലും അധികൃതര്‍ അനുവാദം നല്‍കിയില്ല.തുടര്‍ന്ന് സാന്ത്വനം ഡയറക്ടര്‍ ആനി ബാബു ഇടപ്പെട്ട് ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രത്തില്‍ അഭയം നല്‍കുകയായിരുന്നു.