കണ്ണൂർ - കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ പ്രവാസി വ്യവസായി പാറയിൽ സാജന്റെ ആത്മഹത്യക്ക് ഒരാണ്ട് തികയുമ്പോഴും സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ അന്വേഷണം ഇഴയുന്നു. ധർമശാലയിലെ പാർത്ഥാ കൺവെൻഷൻ സെന്റർ ഉടമ കണ്ണൂർ കക്കാട്ടെ സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം ഫോറൻസിക് റിപ്പോർട്ട് ലഭിക്കാത്തതിനെത്തുടർന്ന് വഴിമുട്ടിയിരിക്കയാണ്. ഈ റിപ്പോർട്ട് കൂടി ലഭിച്ചാൽ മാത്രമേ കേസിൽ കുറ്റപത്രം സമർപ്പിക്കാനാവൂ.
കഴിഞ്ഞ വർഷം ജൂൺ 18 നാണ് സാജൻ ജീവനൊടുക്കിയത്. ധർമശാലയിൽ കോടികൾ ചെലവിട്ടു നിർമിച്ച കൺവെൻഷൻ സെന്ററിനു ആന്തൂർ നഗരസഭാ അധികൃതർ സാങ്കേതിക തടസ്സങ്ങൾ ചൂണ്ടിക്കാട്ടി അനുമതി നൽകാത്തതിനെത്തുടർന്നാണ് സാജൻ ജീവനൊടുക്കിയതെന്നാണ് ബന്ധുക്കൾ നൽകിയ പരാതി. ആന്തൂർ നഗരസഭാ ചെയർപേഴ്സൺ പി.കെ. ശ്യാമളക്കെതിരെയായിരുന്നു പ്രധാന ആരോപണം. ഇവർ ആവശ്യപ്പെട്ട തുക നൽകാത്തതാണ് കൺവെൻഷൻ സെന്ററിനു അനുമതി നൽകാൻ വിസമ്മതിച്ചതെന്നായിരുന്നു പ്രധാന ആരോപണം. എന്നാൽ പി.കെ.ശ്യാമള ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയും ഏത് അന്വേഷണത്തെയും നേരിടാൻ സന്നദ്ധമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. സംഭവം പ്രതിപക്ഷ കക്ഷികൾ ഏറ്റെടുത്തതോടെ സംസ്ഥാന വ്യാപകമായി ചർച്ചയായി.
ഇതിനു പിന്നാലെ സാജന്റെ കുടുംബത്തെ അപമാനിക്കാനുള്ള ബോധപൂർവമായ പ്രചാരണങ്ങളും സോഷ്യൽ മീഡിയയിലടക്കം നടന്നു. കൺവെൻഷൻ സെന്റർ നിർമാണത്തിൽ ചില അപാകതകൾ കണ്ടതിനെത്തുടർന്നാണ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകാത്തതെന്നായിരുന്നു ആന്തൂർ നഗരസഭയുടെ നിലപാട്. സാജന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ഇവരുടെ സസ്പെൻഷൻ പിൻവലിച്ചു. നഗരസഭ നിർദേശിച്ച ചില മാറ്റങ്ങൾ വരുത്തിയ ശേഷം കൺവെൻഷൻ സെന്ററിനു താൽക്കാലികമായി പെർമിറ്റ് നൽകുകയും ചെയ്തതോടെയാണ് പ്രശ്നത്തിനു താൽക്കാലികമായെങ്കിലും ശമനമായത്.
സാജന്റെ ആത്മഹത്യയെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന ബന്ധുക്കളുടെ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. നർകോട്ടിക് സെൽ ഡിവൈ.എസ്.പി എ.വി.കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. അന്വേഷണം ഏറെക്കുറെ പൂർത്തിയായെങ്കിലും ഫോറൻസിക് റിപ്പോർട്ട് ലഭിക്കാത്തതിനാൽ കുറ്റപത്രം തയാറാക്കാൻ സാധിച്ചിട്ടില്ല.
കൺവെൻഷൻ സെന്ററിനു അനുമതി ലഭിക്കാത്തതല്ല സാജന്റെ ആത്മഹത്യക്കു കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ എന്നാണ് സൂചന. സാമ്പത്തിക പ്രയാസങ്ങളടക്കം സാജനെ അലട്ടിയിരുന്നുവെന്നും ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നുമാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരമെന്നാണ് അറിയുന്നത്.