റിയാദ്- സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആവശ്യമായ രീതിയില്‍ യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തത് കാരണമാണ് സാമൂഹിക സംഘടനകള്‍ക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വന്നതെന്നും അവയിലെ യാത്രക്കാര്‍ക്ക് പ്രത്യേക വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്നത് ഇരട്ട നീതിയുടെ കേരള മോഡലാണെന്നും ഐ.സി.എഫ് റിയാദ് സെന്‍ട്രല്‍ കാബിനറ്റ് കുറ്റപ്പെടുത്തി. സ്വന്തം പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ട സര്‍ക്കാര്‍ ആവശ്യമായ യാത്രാ സംവിധാനം ഇപ്പോഴും ഏര്‍പ്പെടുത്തുന്നില്ല. ഇത് കാരണം സങ്കീര്‍ണ്ണ നിയമനൂലാമാലകള്‍ തരണം ചെയ്തശേഷമാണ് സാമൂഹിക സംഘടനകള്‍ക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ അനുമതി ലഭിക്കുന്നത്. ഇതിനിടയിലാണ് വന്ദേഭാരത് മിഷന്‍ വിമാനങ്ങളില്‍ വരുന്നവരെ ഒഴിവാക്കി ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് മാത്രം കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി കേരള സര്‍ക്കാര്‍ തീരുമാനം വന്നിരിക്കുന്നത്. ഇത് പ്രവാസികളോട് കാണിക്കുന്ന കടുത്ത വിവേചനവും അനീതിയുമാണ്. അതിജീവനത്തിനു വേണ്ടി പ്രവാസികളാക്കപ്പെട്ടവര്‍ ജീവിത സാഹചര്യം മെച്ചപ്പെടുത്തുവാനുള്ള അധ്വാനം നാടിന്റെ പുരോഗതിക്ക് കൂടി മുതല്‍കൂട്ടാക്കിയവരാണെന്ന് വാതോരാതെ പറഞ്ഞു കൊണ്ടിരുന്ന സര്‍ക്കാര്‍ അതേ പ്രവാസികളോട് പ്രതിസന്ധി ഘട്ടത്തില്‍ കാണിക്കുന്ന ഇത്തരം നീതികേട് ന്യായീകരിക്കാനാവില്ല. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ ഒന്നും തന്നെ ഇത്തരം തീരുമാനം എടുത്തിട്ടില്ല എന്നിരിക്കെ കേരള സര്‍ക്കാര്‍ എടുത്ത തീരുമാനം പിന്‍വലിക്കുകയോ കൂടുതല്‍ വിമാന സര്‍വീസുകള്‍ സര്‍ക്കാര്‍ തന്നെ ആരംഭിക്കുകയോ ചെയ്യണമെന്നും കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം നേടിയെടുത്ത മുഖഛായ നിലനിര്‍ത്താനുള്ള വ്യഗ്രതയുടെ ഭാഗമാണിതെങ്കില്‍ സാമൂഹ്യവ്യാപനത്തിനു തടയിടാനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നതെന്നും യോഗം ആവശ്യപ്പെട്ടു.
യൂസുഫ് സഖാഫി അധ്യക്ഷത വഹിച്ചു. സൈനുദീന്‍ കുനിയില്‍ പ്രമേയം അവതരിപ്പിച്ചു. ലുഖ്മാന്‍ പാഴൂര്‍ സ്വാഗതവും ശുക്കൂര്‍ മടക്കര നന്ദിയും പറഞ്ഞു.