ഖുൻഫുദ - ഖുൻഫുദയിലെ ഹെൽത്ത് സെന്ററിൽ സേവനമനുഷ്ഠിക്കുന്ന നഴ്‌സുമാർക്ക് അപകീർത്തിയുണ്ടാക്കിയ കേസിൽ നിയമ നടപടികൾ സ്വീകരിക്കുന്നതായി ഖുൻഫുദ ആരോഗ്യ വകുപ്പ് വക്താവ് ഇബ്രാഹിം അൽമുതഹമി പറഞ്ഞു. സ്‌നാപ് ചാറ്റ് സെലിബ്രിറ്റിയായ സൗദി യുവതിയുടെ സഹായത്തോടെ മറ്റൊരു സൗദി വനിതയാണ് സാമൂഹിക മാധ്യമത്തിലൂടെ നഴ്‌സുമാരെ അപകീർത്തിപ്പെടുത്തിയത്. നഴ്‌സുമാർ ക്രൂരകളാണെന്ന് സൗദി വനിത ആരോപിച്ചു. ഹെൽത്ത് സെന്ററിൽ ചികിത്സ തേടിയെടിയെത്തിയ സൗദി വനിതയോട് കൊറോണ വ്യാപനം തടയാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി, എവിടെ നിന്നാണ് വരുന്നതെന്ന് നഴ്‌സുമാർ ആരാഞ്ഞതാണ് ഇവരെ പ്രകോപിപ്പിച്ചത്.
ഹെൽത്ത് സെന്ററിൽ വെച്ച് പ്രാഥമിക പരിശോധനാ ചുമതലയുള്ള നഴ്‌സാണ് സൗദി വനിതയോട് എവിടെ നിന്നാണ് വരുന്നതെന്ന് ആരാഞ്ഞത്. എന്തിനാണ് ഇക്കാര്യം ചോദിക്കുന്നതെന്ന് പ്രതിഷേധത്തോടെ സൗദി വനിത ആരാഞ്ഞു. കൊറോണ വ്യാപനം തടയാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഇക്കാര്യം ചോദിക്കുന്നതെന്നും ഇത് നിയമ വിധേയമായ ചോദ്യമാണെന്നും നഴ്‌സ് ഇതിന് മറുപടി നൽകി.
ഇതോടെ ഖുൻഫുദക്ക് പുറത്തു നിന്നുള്ള പ്രദേശത്തു നിന്നാണ് താൻ വരുന്നതെന്ന് അതൃപ്തിയോടെ ഇവർ ഉച്ചത്തിൽ മറുപടി പറഞ്ഞു. നഴ്‌സിനെ തെറിവിളിച്ച സൗദി വനിത മൂന്നു മാസം മുമ്പ് അപ്പോയിന്റ്‌മെന്റ് നേടിയതു പ്രകാരമാണ് താൻ ഹെൽത്ത് സെന്ററിൽ എത്തിയതെന്നും തനിക്ക് കൊറോണ ലക്ഷണങ്ങളൊന്നുമില്ലെന്നും എവിടെ നിന്നാണ് താൻ വരുന്നതെന്ന് ചോദിക്കാൻ ഹെൽത്ത് സെന്റർ ജീവനക്കാർക്ക് അവകാശമില്ലെന്നും പറഞ്ഞു. തുടർന്ന് ഹെൽത്ത് സെന്ററിലേക്ക് പ്രവേശനം നൽകിയ സൗദി വനിതക്ക് ചികിത്സാ സേവനങ്ങൾ നൽകി പറഞ്ഞയച്ചു. ഇതോടെ തീരേണ്ടിയിരുന്ന പ്രശ്‌നം സൗദി വനിത നഴ്‌സുമാരെ അപകീർത്തിപ്പെടുത്തി വഷളാക്കുകയായിരുന്നു.
ഹെൽത്ത് സെന്ററിൽ നിന്ന് പുറത്തിറങ്ങിയ സൗദി വനിത നഴ്‌സുമാരെ അപകീർത്തിപ്പെടുത്താൻ ഖുൻഫുദയിലെ സാമൂഹിക മാധ്യമ സെലിബ്രിറ്റിയായ യുവതിയുമായി ബന്ധപ്പെട്ട് സഹായം തേടുകയായിരുന്നു. നഴ്‌സുമാർ ക്രൂരകളാണെന്നും രോഗികളോട് മാന്യമായി പെരുമാറാൻ അവർക്ക് അറിയില്ലെന്നുമുള്ള സൗദി വനിതയുടെ ആരോപണങ്ങൾ സ്‌നാപ് ചാറ്റ് സെലിബ്രിറ്റി തന്റെ അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഖുൻഫുദ ഹെൽത്ത് സെന്ററിലെ നഴ്‌സുമാരെ അപകീർത്തിപ്പെടുത്തി സ്‌നാപ് ചാറ്റിൽ പോസ്റ്റ് ചെയ്ത സന്ദേശം നിയമ നടപടികൾക്ക് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ടെന്ന് ഖുൻഫുദ ആരോഗ്യ വകുപ്പ് വക്താവ് പറഞ്ഞു.