ന്യൂദൽഹി- കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ഡൗണിൽ ഇളവ് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, ആരാധനാലയങ്ങൾ എന്നിവ തിങ്കളാഴ്ച മുതൽ ഘട്ടംഘട്ടമായി തുറക്കും. ഇതിനുള്ള മാർഗരേഖ കേന്ദ്രം പുറത്തിറക്കി. അതേസമയം, സിനിമാശാലകൾ, ചിൽഡ്രൻസ് പാർക്ക്, ഗെയിമിംഗ് ഏരിയ എന്നിവ അടച്ചിടും. ഷോപ്പുകളിലും മറ്റും ശരീരതാപനില പരിശോധിക്കൽ നിർബന്ധമാക്കും. ആറടി ശാരീരിക അകലം നിർബന്ധമാക്കാനും വ്യവസ്ഥയുണ്ട്. മാളുകളിലെ റെസ്‌റ്റോറന്റുകളിൽ അൻപത് ശതമാനം സീറ്റിംഗ് കപ്പാസിറ്റി മാത്രമേ അനുവദിക്കൂ. പാർസൽ സർവീസിന് മുൻതൂക്കം നൽകാൻ റസ്റ്റോറന്റുകൾ തയ്യാറാകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഭക്ഷണം വിതരണ ചെയ്യുന്നവർ ഭക്ഷണം വാതിലിന് സമീപത്ത് വെച്ച് മാറി നിൽക്കണം. ഭക്ഷണം ഒരു കാരണവശാലും നേരിട്ട് കൈമാറാൻ പാടില്ല. വിതരണക്കാരുടെ ശരീരത്തിന്റെ താപനിലയും പരിശോധിക്കണം.