റിയാദ് - സാമൂഹിക മാധ്യമങ്ങളിലൂടെ സർക്കാർ വകുപ്പുകൾക്ക് അപകീർത്തിയുണ്ടാക്കിയ കേസിൽ റിയാദ് പ്രവിശ്യയിൽ പെട്ട മുസാഹമിയയിൽ നിന്ന് നാലു സൗദി പൗരന്മാരെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. മക്ക-റിയാദ് റോഡിന് തെക്ക് പ്രവർത്തിക്കുന്ന നഗരസഭാ കശാപ്പുശാലക്ക് അപകീർത്തിയുണ്ടാക്കുന്ന വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിച്ച കേസിലാണ് രണ്ടു പേരെ അറസ്റ്റ് ചെയ്തത്. മുസാഹ്മിയ ആശുപത്രിയെയും ആശുപത്രി ജീവനക്കാരെയും അപകീർത്തിപ്പെടുത്തിയതിനാണ് മറ്റു രണ്ടു പേരെ അറസ്റ്റ് ചെയ്തത്.
നിയമാനുസൃത നടപടികൾ സ്വീകരിച്ച് കോടതിയിൽ വിചാരണ ചെയ്ത് ശിക്ഷിക്കുന്നതിന് നാലു പേർക്കുമെതിരായ കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. മുസാഹ്മിയയിൽ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്തിയ മറ്റേതാനും പേരെയും തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിന് സുരക്ഷാ വകുപ്പുകൾ ശ്രമം തുടരുകയാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.