റിയാദ്- കർഫ്യൂവിനിടെ ജോഗിംഗ് നടത്തുന്നതിന് വൈകാതെ പെർമിറ്റ് അനുവദിച്ചു തുടങ്ങുമെന്ന് 'തവക്കൽനാ' ആപ്പ് അറിയിച്ചു. തങ്ങൾ താമസിക്കുന്ന ഡിസ്ട്രിക്ടുകളുടെ പരിധിയിൽ ജോഗിംഗിന് ദിവസേന ഒരു മണിക്കൂർ കാലാവധിയുള്ള പെർമിറ്റ് ആണ് അനുവദിക്കുക. മാനുഷിക കേസുകളിൽ നഗരങ്ങൾക്കകത്തും നഗരങ്ങൾ മാറി സഞ്ചരിക്കുന്നതിനുമുള്ള പെർമിറ്റും ആപ്പ് വഴി അനുവദിക്കും. ഹെൽത്ത് ക്വാറന്റൈനുകളിൽ കഴിയുന്നതിനു പകരം വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നതിന് സ്മാർട്ട് വളകളുമായി ബന്ധിപ്പിച്ച് പുതിയ സേവനവും ആപ്പ് വഴി നൽകും.
ആംബുലെൻസ് തേടൽ, കർഫ്യൂ ലംഘനങ്ങളെ കുറിച്ച് അറിയിക്കൽ, വിർച്വൽ അസിസ്റ്റന്റ് സേവനം, കർഫ്യൂ പാലിക്കാത്തതിന് നിയമ ലംഘനങ്ങൾ രേഖപ്പെടുത്തി പിഴ ചുമത്തിയത് പ്രദർശിപ്പിക്കൽ-നിയമ ലംഘനങ്ങൾ രേഖപ്പെടുത്തിയതിൽ വിയോജിപ്പ് പ്രകടിപ്പിക്കൽ, കൊറോണ ബാധിച്ചവരുമായും രോഗികളുമായി സമ്പർക്കം പുലർത്തിയവരുമായും അടുക്കുമ്പോൾ മുന്നറിയിപ്പ് നൽകൽ, രോഗബാധാ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ സ്വയം പരിശോധിക്കൽ എന്നീ സേവനങ്ങളും ആപ്പ് വഴി വൈകാതെ നൽകും.
നിലവിൽ തങ്ങൾ താമസിക്കുന്ന ഡിസ്ട്രിക്ടുകളുടെ പരിധിയിൽ സമ്പൂർണ കർഫ്യൂ സമയത്ത് നിത്യോപയോഗ വസ്തുക്കൾ വാങ്ങുന്നതിനും സമ്പൂർണ, ഭാഗിക കർഫ്യൂ നിലവിലുള്ള പ്രദേശങ്ങളിൽ അടിയന്തിരമായി സാധനങ്ങൾ വാങ്ങുന്നതിനും പുറത്തുപോകുന്നതിന് 'തവക്കൽനാ' ആപ്പ് വഴി പെർമിറ്റുകൾ അനുവദിക്കുന്നുണ്ട്. ജോലിയാവശ്യാർഥം ബന്ധപ്പെട്ട സ്ഥാപനങ്ങൾ അനുവദിക്കുന്ന പെർമിറ്റുകളും ഡ്രൈവർമാർക്കുള്ള താൽക്കാലിക പെർമിറ്റുകളും മെഡിക്കൽ അപ്പോയിന്റ്‌മെന്റുകൾ പ്രകാരം ആശുപത്രികൾ അനുവദിക്കുന്ന പെർമിറ്റുകളും ആപ്പിൽ ദൃശ്യമാകും.