ദുബായ്- കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ദുബായ് ആരോഗ്യ വിഭാഗത്തിന് കീഴിൽ സേവനമനുഷ്ഠിക്കുന്നവർക്ക് യു.എ.ഇ പ്രഖ്യാപിച്ച ഗോൾഡൻ വിസക്ക് രണ്ടു മലയാളി ഡോക്ടർമാർ കൂടി അർഹരായി. കാസർകോട് ചെറുവത്തൂർ പടന്ന സ്വദേശി ഡോ. സയ്യിദ് അഷ്‌റഫ് ഹൈദ്രോസസിനും തിരുവനന്തപുരം വർക്കല സ്വദേശി ഡോ. ഷാജി മുഹമ്മദ് ഹനീഫിനുമാണ് പത്തു വർഷത്തെ ഗോൾഡൻ വിസ ലഭിച്ചത്. നേരത്തെ കാസർകോട് കാഞ്ഞങ്ങാട് മാണിക്കോത്ത് സ്വദേശി ഡോ. സി.എച്ച്. അബ്ദുൽ റഹ്മാനും ഗോൾഡൻ വിസ ലഭിച്ചിരുന്നു. ഡോ. സയ്യിദ് അഷ്‌റഫും ഡോ. ഷാജിയും ദുബായ് റാഷിദ് ആശുപത്രിയിലാണ് സേവനമനുഷ്ഠിക്കുന്നത്. യു.എ.ഇയിൽ കോവിഡ് രോഗബാധിതരെ ചികിത്സിക്കുന്ന ആശുപത്രികളിലൊന്നാണ് റാഷിദ് ആശുപത്രി.
11 വർഷമായി റാഷിദ് ആശുപത്രിയിൽ ജോലിനോക്കുന്ന ഡോ. സയ്യിദ് അഷ്‌റഫ് ഹൈദ്രോസ് മൈസൂരിൽനിന്ന് എം.ബി.ബി.എസും സേലം വിനായക വിഷൻ മെഡിക്കൽ കോളജിൽനിന്ന് എം.ഡിയും കരസ്ഥമാക്കിയാണ് ആരോഗ്യ രംഗത്തെത്തിയത്. നാല് വർഷം സൗദിയിൽ ജോലി ചെയ്ത ശേഷമാണ് ദുബായിലെത്തിയത്. വീട്ടമ്മയായ ഫർഹാനയാണ് ഡോ. സയ്യദ് അഷ്‌റഫിന്റെ ഭാര്യ. മകൻ സയ്യിദ് ഹൈദ്രോസ് അലീഫ് മംഗളൂരു യേനപ്പോയ മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് വിദ്യാർഥിയും മറ്റു മക്കളായ ഫാത്തിമ അദീബയും ഹിദായ സൈനബും ദുബായിലും വിദ്യാർഥികളാണ്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസും മംഗളൂരു കെ.എം.സിയിൽനിന്ന് ജനറൽ മെഡിസിൻ എം.ഡിയും നേടിയ ഡോ. ഷാജി പിന്നീട് ഇംഗ്ലണ്ടിൽ ഉപരിപഠനവും നടത്തിയ ശേഷം അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കൽ സെന്ററിലാണ് ജോലി ആരംഭിച്ചത്. 24 വർഷമായി യു.എ.ഇയിലുണ്ട്. വീട്ടമ്മയായ റൈഹാനത്താണ് ഡോ. ഷാജിയുടെ ഭാര്യ. മൂത്ത മകൻ ഷഫീഖ് ദുബായിൽ എൻജിനീയർ. രണ്ടാമത്തെ മകൾ ഷഹാന തിരുവനന്തപുരം മെഡിക്കൽ കോളജിൽ എം.ഡിക്ക് പഠിക്കുന്നു. മൂന്നാമത്തെ മകൻ റാഫി എം. ഷാജി ബംഗളൂരുവിൽ മൂന്നാം വർഷ എം.ബി.ബി.എസിനും പഠിക്കുന്നു. ദുബായിൽ ജോലി ചെയ്യുന്ന ഡോ. ഹീമ, ബംഗളൂരുവിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായ ഡോ. ആഷിഖ് എന്നിവർ മരുമക്കളാണ്.