മലപ്പുറം- അഡ്വ. കെ.എന്‍.എ. ഖാദര്‍ വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകും. പാണക്കാട്ട് രാവിലെ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണു തീരുമാനം. തുടര്‍ന്ന് വാര്‍ത്താ സമ്മേളനത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയായ ഖാദറിനെ തഴഞ്ഞ് സംസ്ഥാന സെക്രട്ടറി യു.എ. ലത്തീഫ് സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു അവസാന നിമിഷംവരേയും അഭ്യൂഹം. രാവിലെ പാണക്കാട്ട് ചേര്‍ന്ന നേതൃ യോഗത്തില്‍ ലത്തീഫിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചുവെന്ന് വാര്‍ത്തകള്‍ വരികയും ചെയ്തു. അദ്ദേഹത്തെ പാണക്കാട്ടേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെയാണ് യു.എ. ലത്തീഫിന്റെ പേരു ഉയര്‍ന്നുവന്നത്. ഇതു ശരിയല്ലെന്ന് കെ.എന്‍.എ ഖാദര്‍ സൂചന നല്‍കിയിരുന്നു. ലത്തീഫിനും കെ.എന്‍.എ. ഖാദറിനും പുറമെ സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവരും പരിഗണനയിലുണ്ടായിരുന്നു.
സ്ഥാനാര്‍ഥിയാകാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കപ്പെട്ടിരുന്ന മജീദ് ഞായറാഴ്ച വൈകിട്ട് ഹൈദരലി തങ്ങളെ നേരില്‍ക്കണ്ടാണു താന്‍ മത്സരിക്കാനില്ലെന്നറിയിച്ചത്. സംഘടനാപരമായി ഏറെ ചുമതലകള്‍ ഉള്ളതിനാലാണു മത്സരത്തിനിറങ്ങാത്തതെന്ന് അദ്ദേഹം പിന്നീടു പറഞ്ഞു.
2011ല്‍ വള്ളിക്കുന്നില്‍നിന്നു മത്സരിച്ചു ജയിച്ച ഖാദറിന് കഴിഞ്ഞതവണ സീറ്റ് നല്‍കിയിരുന്നില്ല.