Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ ഏഴ് കോടിയിലേറെ കുട്ടികള്‍

ഇന്ത്യയിലെ സജീവ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ ഏഴ് കോടിയിലേറെ കുട്ടികള്‍. അഞ്ച് വയസ്സിനും 11 നും ഇടയിലുളള 7.1 കോടി കുട്ടികള്‍ മുടങ്ങാതെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണെന്ന് സര്‍വേ പറയുന്നു. ഐ.എ.എം.എ.ഐ-നീല്‍സണ്‍ സംയുക്ത സര്‍വേയിലാണ് പുതിയ കണക്കുകള്‍.

കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം അധികവും മുതിര്‍ന്ന കുടുബാംഗങ്ങളുടെ കംപ്യൂട്ടറുകള്‍ ഉപയോഗിച്ചാണ്. 43.3 കോടി പേര്‍ 12 വയസ്സിനു മുകളിലുള്ളവരാണ്. ഇന്ത്യയിലെ മൊത്തം ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 99 ശതമാനവും മൊബൈല്‍ ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. ഇവരില്‍ 88 ശതമാനവും 4ജി നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിക്കുന്നവരാണ്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണവും വര്‍ധിക്കുന്നതായി സര്‍വേ പറയുന്നു. മാര്‍ച്ച് മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 21 ശതമാനം സ്ത്രീകള്‍ കൂടുതലായി ഇന്റര്‍നെറ്റ് ഉപയോഗിച്ചു തുടങ്ങിയെങ്കില്‍ ഇതേ കാലയളവില്‍ പുതിയതായി ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയ പുരുഷന്മാര്‍ ഒമ്പത് ശതമാനം മാത്രമാണ്.
ദേശീയ തലത്തില്‍ 65 ശതമാനം പുരുഷന്മാര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ സ്ത്രീകള്‍ 35 ശതമാനമാണ്.
ഗ്രാമങ്ങളില്‍ 22.7 കോടി പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. ഇത് നഗരങ്ങളിലേക്കാള്‍ 10 ശതമാനം കൂടുതലാണെന്നും സര്‍വേ പറയുന്നു. പ്രധാനപ്പെട്ട എട്ട് മെട്രോ നഗരങ്ങളിലും 65 ശതമാനം വെബ് ഉപയോക്താക്കളുണ്ട്. നഗരങ്ങളില്‍ വൈഫൈ ഉപയോഗിക്കുന്നവരുടെ ശതമാനം ഒമ്പതാണെങ്കില്‍ ഗ്രാമങ്ങളില്‍ അത് രണ്ട് ശതമാനമാണെന്നും സര്‍വേ പറയുന്നു.
രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ മൂന്നിലൊന്നും 20-29 പ്രായ ഗ്രൂപ്പിലുള്ളവരാണ്. രാജ്യത്തെ ഉപയോക്താക്കളില്‍ 86 ശതമാനം പേരും സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കാനാണ് ഇന്റര്‍നെറ്റില്‍ വരുന്നത്. വിനോദ പരിപാടികള്‍ക്കായി വീഡിയോ കാണല്‍, പാട്ടു കേള്‍ക്കല്‍, ഡൗണ്‍ലോഡ് ചെയ്യല്‍ എന്നിവക്ക്  83 ശതമാനം പേരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു. ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ കേവലം മൂന്നിലൊന്നു പേര്‍ മാത്രമാണ് വാര്‍ത്ത കേള്‍ക്കാനോ വായിക്കാനോ സമയം വിനിയോഗിക്കുന്നത്.  23 ശതമാനം പേര്‍ക്കു മാത്രമാണ് ഇ-മെയിലുള്ളത്.
എട്ടു പ്രധാന നഗരങ്ങളില്‍ മാത്രം 50 ലക്ഷം പേര്‍ ഇ-മെയില്‍ ഉപയോഗിക്കുന്നു. ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 68 ശതമാനം പേരും ദിവസവും ഓണ്‍ലൈനില്‍ എത്തുന്നുണ്ട്.  നഗരങ്ങളില്‍ പത്തില്‍ ഒമ്പതു പേരും ആഴ്ചയില്‍ ഒരു തവണയെങ്കിലും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. അഞ്ച് ശതമാനം പേര്‍ മാത്രമാണ് ആഴ്ചയില്‍ നാല് മുതല്‍ ആറ് ദിവസം വരെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്.  
സംസ്ഥാനങ്ങളില്‍ ഏറ്റവുമധികം ഇന്റര്‍നെറ്റ് ഉപയോഗം കേരളത്തിലാണ്. കേന്ദ്ര ഭരണപ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ ദല്‍ഹിക്കാണ് ഒന്നാം സ്ഥാനം. കഴിഞ്ഞ നവംബര്‍ വരെയുള്ള കണക്കില്‍ കേരളത്തില്‍ 56 ശതമാനം ഇന്റര്‍നെറ്റ് ഉപയോക്താക്കളാണുള്ളത്. ദല്‍ഹിയില്‍ ഇതേ കാലയളവില്‍ 68 ശതമാനം ഇന്റര്‍നെറ്റ് ഉപയോക്താക്കളുണ്ട്. രണ്ടാം സ്ഥാനത്ത് ജമ്മു കശ്മിര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ്.

 

 

 

Latest News