മദീന - മദീന നിവാസിയായ സൗദി വനിത ശൈമാ അബ്ദുൽമതീന് ലഭിച്ച അസാധാരണവും അപ്രതീക്ഷിതവുമായ സഹായം ഒരു രാജ്യം തങ്ങളുടെ പൗരന്മാരുടെ കാര്യത്തിൽ കാണിക്കുന്ന അതീവ ശ്രദ്ധക്കും താൽപര്യത്തിനും മകുടോദാഹരണമായി. കർഫ്യൂ കാലത്ത് വികലാംഗയായ മകളുടെ ചികിത്സാർഥം മദീനയിൽ നിന്ന് റിയാദിലേക്ക് കാർ മാർഗം പോകുന്നതിന് അനുമതി തേടി യാത്രാ പെർമിറ്റിന് അപേക്ഷ നൽകിയ സൗദി വനിതയെ അമ്പരിപ്പിച്ച് റിയാദിലേക്കുള്ള യാത്രക്ക് ഇവർക്ക് പ്രത്യേക വിമാനം ഏർപ്പെടാക്കി നൽകി ആരോഗ്യ മന്ത്രാലയം.
മകൾ മൈസിന് റിയാദ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് ഹ്യുമാനിറ്റേറിയൻ സിറ്റിയിൽ ചികിത്സക്കു വേണ്ടി കാർ മാർഗം പോകുന്നതിനാണ് ശൈമാ അബ്ദുൽമതീൻ അപേക്ഷ നൽകിയത്. പെർമിറ്റിനുള്ള അപേക്ഷയും മെഡിക്കൽ റിപ്പോർട്ടും ആരോഗ്യ മന്ത്രാലയത്തിലേക്ക് അയച്ചതിന്റെ പിറ്റേ ദിവസം തന്നെ ഇവരെ റിയാദിലേക്ക് എത്തിക്കുന്നതിന് മന്ത്രാലയം മെഡിക്കൽ സംഘം അടക്കം എയർ ആംബുലൻസ് ഏർപ്പാടാക്കുകയായിരുന്നു.
തന്റെ അപേക്ഷയോട് ആരോഗ്യ മന്ത്രാലയം ഇത്ര വേഗത്തിൽ പ്രതികരിക്കുമെന്ന് പ്രതീക്ഷിച്ചതല്ലെന്ന് ശൈമാ അബ്ദുൽമതീൻ പറഞ്ഞു. കാറിൽ പോകാൻ അനുമതി തേടിയപ്പോൾ പ്രത്യേക വിമാനത്തിൽ റിയാദിലെത്തിച്ചും അവിടെ സൗജന്യ താമസ സ്ഥലം ലഭ്യമാക്കിയും ആരോഗ്യ മന്ത്രാലയം തങ്ങളെ ഞെട്ടിച്ചു. വീട്ടിൽ നിന്ന് ആംബുലൻസിലാണ് തങ്ങളെ എയർപോർട്ടിലെത്തിച്ചത് എത്തിച്ചത്. വീട്ടിൽ നിന്ന് റിയാദിലേക്കുള്ള യാത്രക്കിടെ എല്ലാവിധ പരിചരണങ്ങളും ശ്രദ്ധയും തങ്ങൾക്ക് ലഭിച്ചു.
ആരുടെയും ശുപാർശയില്ലാതെയാണ് ആരോഗ്യ മന്ത്രാലയം തങ്ങൾക്ക് എയർ ആംബുലൻസ് ഏർപ്പാടാക്കി നൽകിയത്. റിയാദിലേക്കുള്ള യാത്രക്കിടെ അൽജൗഫിൽ നിന്നുള്ള രോഗികളെയും എയർ ആംബുലൻസിൽ കയറ്റിയിരുന്നു. വിമാന സർവീസുകൾ നിർത്തിവെക്കുകയും യാത്രകൾക്ക് പ്രയാസങ്ങൾ നേരിടുകയും ചെയ്യുന്നതിനിടെയും മെഡിക്കൽ സേവനങ്ങൾ നൽകുന്നതിന് ആരോഗ്യ മന്ത്രാലയം കാണിക്കുന്ന അതീവ ശ്രദ്ധയും താൽപര്യവും പ്രശംസനീയമാണെന്നും ശൈമാ അബ്ദുൽമതീൻ പറഞ്ഞു.
ചികിത്സാർഥം ശൈമാക്കും മകൾക്കും ആറാഴ്ചയാണ് റിയാദിൽ കഴിയേണ്ടത്. ഈ കാലത്തെ താമസ, ഭക്ഷണ ചെലവുകളെല്ലാം ആരോഗ്യ മന്ത്രാലയം ഏറ്റെടുത്തിട്ടുണ്ട്. ചികിത്സ പൂർത്തിയാക്കിയ ശേഷം എയർ ആംബുലൻസിൽ തന്നെ ഇവർക്ക് മദീനയിലേക്ക് മടക്കയാത്രയും ആരോഗ്യ മന്ത്രാലയം ഒരുക്കുമെന്ന് ശൈമായുടെ സഹോദരൻ പറഞ്ഞു.