ന്യൂദൽഹി- താൻ ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹം തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വി രംഗത്തെത്തി. തന്റെ ബി.ജെ.പി പ്രചാരണം സംബന്ധിച്ച വാർത്തകൾ ചെകുത്താൻ പടച്ചുവിടുന്നതാണെന്നും അവ വിശ്വസിക്കരുതെന്നും ഓർമ്മിപ്പിച്ച സിംഗ്‌വി തന്നെ കുറിച്ചുള്ള ഗോസിപ്പുകൾക്കും നന്ദി പറഞ്ഞു. നിങ്ങളുടെ ലോകത്തിന്റെ മധ്യത്തിൽ എന്നെ നിർത്തിയതിന് നന്ദി എന്നായിരുന്നു സിംഗ്‌വിയുടെ ട്വീറ്റ്. എന്നെ പറ്റിയുള്ള അഭ്യൂഹങ്ങളുടെ ഉത്ഭവും ചെകുത്താന്റെ പേര് എവിടെനിന്നാണോ ആരംഭിക്കുന്നത് അവിടെനിന്നാണെന്നും സിംഗ്‌വി ട്വീറ്റ് ചെയ്തിരുന്നു. മധ്യപ്രദേശിലെ കോൺഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയുമായി അടുപ്പം പുലർത്തിയ നേതാവായിരുന്നു മനു അഭിഷേക് സിംഗ്‌വി എം.പി. സിന്ധ്യ ബി.ജെ.പിയിൽ ചേർന്നതോടെ സിംഗ്‌വിയും ഒരു സംഘം കോൺഗ്രസ് നേതാക്കളും പാർട്ടി വിടുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പടർന്നിരുന്നു. ഇക്കാര്യം ശുദ്ധ കളവാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാലയും രംഗത്തെത്തി.