റിയാദ് - തോക്കുമായി കാറിൽ കറങ്ങിയ യുവാവിനെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് വക്താവ് കേണൽ ശാകിർ അൽതുവൈജിരി അറിയിച്ചു. രണ്ടംഗ സംഘം കാറിൽ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൂട്ടത്തിൽ ഒരാളുടെ കൈയിൽ തോക്കുണ്ടായിരുന്നു. തോക്കേന്തി കാറിൽ സഞ്ചരിക്കുകയും ഇതിൽ മേനി നടിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ യുവാവ് തന്നെയാണ് ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ക്ലിപ്പിംഗ് ശ്രദ്ധയിൽ പെട്ട് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതെന്നും പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും റിയാദ് പോലീസ് വക്താവ് പറഞ്ഞു.