റിയാദ്-സമഗ്രമായ പരിശോധന നടത്തുന്നതുകൊണ്ടാണ് സൗദിയിൽ കോവിഡ് രോഗികളെ പെട്ടെന്ന് കണ്ടെത്താനാനുകുന്നതും രോഗികളുടെ യഥാർത്ഥ എണ്ണം പുറത്തറിയാനും കാരണമെന്ന് സൗദി ആരോഗ്യമന്ത്രി തൗഫീഖ് അൽ റബീഅ വ്യക്തമാക്കി. കോവിഡ് ബാധിച്ച് സൗദിയിൽ മരിക്കുന്നവരുടെ പത്ത് ഇരട്ടിയാണ് ആഗോള മരണനിരക്കെന്നും അദ്ദേഹം പറഞ്ഞു. 0.7 ശതമാനം മാത്രമാണ് സൗദിയിലെ മരണനിരക്ക്. രോഗികളെ ഉൾക്കൊള്ളാനാവശ്യമായ മുഴുവൻ സജ്ജീകരണങ്ങളും സൗദി ഏർപ്പെടുത്തിയിട്ടുണ്ട്. ആയിരകണക്കിന് ബെഡുകളും ഐ.സി.യു, വെന്റിലേറ്റർ സൗകര്യങ്ങളുണ്ട്. സൗദി ഒരുക്കിവെച്ചതിൽ 96 ശതമാനവും ഇപ്പോഴും കാലിയാണ്. വ്യാപക പരിശോധന നടത്തുന്നതിലൂടെ രോഗികളെ പെട്ടെന്ന് കണ്ടെത്താനും അവരുടെ അവസ്ഥ മോശമാകുന്നതിന് മുമ്പ് തന്നെ ചികിത്സ തുടങ്ങാനും കഴിയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.