റിയാദ്- 24 മണിക്കൂര്‍ കര്‍ഫ്യൂ നാലു ദിവസം പിന്നിടുമ്പോള്‍ റോഡില്‍ കര്‍ശന പരിശോധന തുടങ്ങി. ആദ്യ രണ്ടു ദിവസം ഉദാര സമീപനം സ്വീകരിച്ചിരുന്നുവെങ്കിലും സുരക്ഷാ സേന ഇപ്പോള്‍ നടപടികള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. രേഖകളില്ലാതെ ഇറങ്ങി നടക്കുന്നവര്‍ക്ക് പിഴയോ താക്കീതോ നല്‍കിത്തുടങ്ങി.
കര്‍ഫ്യൂവില്‍ ഇളവ് അനുവദിച്ചതോ പ്രത്യേക അനുമതി നേടിയതോ ആയ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാത്രമാണിപ്പോള്‍ റോഡിലൂടെ സഞ്ചരിക്കാന്‍ അനുമതിയുള്ളത്. അടുത്തടുത്ത്് ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച് രേഖകള്‍ പരിശോധിച്ചാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. രേഖകളില്ലാത്തവര്‍ക്ക് ആദ്യഘട്ടത്തില്‍ പതിനായിരം റിയാലും രണ്ടാം പ്രാവശ്യം ഇരുപതിനായിരം റിയാലുമാണ് പിഴ ശിക്ഷ.
കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ സ്ട്രീറ്റുകളില്‍ ആളുകള്‍ ഒരുമിച്ചു കൂടിയിരുന്നെങ്കിലും ഇന്നലെ മുതല്‍ പോലീസ് അവരുടെ ഇഖാമ നമ്പറുകള്‍ രേഖപ്പെടുത്തിവരുന്നുണ്ട്. പുറത്തിറങ്ങാനുള്ള രേഖകള്‍ ഉണ്ടെങ്കില്‍ മാത്രമേ പിഴയില്‍ നിന്ന് ഒഴിവാകുന്നുള്ളൂ. ഇന്നലെ ബത്ഹയില്‍ ഏതാനും പേര്‍ക്ക് ഇപ്രകാരം പിഴ ലഭിച്ചിട്ടുണ്ട്. ഇഖാമ നമ്പറിലാണ് പിഴകള്‍ വരുന്നത്. പിഴ വന്നാല്‍ അതടയ്ക്കാതെ ഇഖാമ പുതുക്കല്‍, റീ എന്‍ട്രി, ഫൈനല്‍ എക്സിറ്റ്, ഡ്രൈവിംഗ് ലൈസന്‍സ് എടുക്കല്‍, പുതുക്കല്‍ എന്നീ സേവനങ്ങളെല്ലാം തടയപ്പെടും.
വിവിധ ലേബര്‍ ക്യാമ്പുകളില്‍ മാനവശേഷി മന്ത്രാലയ പ്രതിനിധികളുടെ നേതൃത്വത്തില്‍ ഇപ്പോഴും പരിശോധന തുടരുകയാണ്. തൊഴിലാളികള്‍ ഒന്നിച്ചു താമസിക്കുന്ന മിക്കയിടങ്ങളിലും ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങളില്ല. ജോലിക്കാര്‍ ഒന്നിച്ചാണ് ബസുകളിലും മറ്റും ജോലി സ്ഥലങ്ങളിലേക്കു പോകുന്നത്. ഇത് ഏറെ ആശങ്കയുളവാക്കുന്നതാണെന്ന് നേരത്തേ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇവിടെയും പരിശോധന കര്‍ശനമാക്കാനാണ് ബന്ധപ്പെട്ടവരുടെ തീരുമാനം.
അതേ സമയം കര്‍ഫ്യൂ ലംഘിച്ചതിന് പിഴ ലഭിച്ചവര്‍ക്ക് തടസ്സവാദമുന്നയിക്കാന്‍ ഒരു മാസ സമയം അബ്ശിര്‍ വഴി അനുവദിച്ചിട്ടുണ്ടെന്ന് പബ്ലിക് സെക്യൂരിറ്റി അറിയിച്ചു. അബ്ശിര്‍ തുറന്ന് മൈ സര്‍വീസസ് എന്ന ഐകണിന് താഴെ സര്‍വീസസ് ക്ലിക് ചെയ്യുക. ശേഷം ജനറല്‍ സര്‍വീസസ് ക്ലിക് ചെയ്യുക. പിന്നീട് വരുന്ന മെസേജസ് ആന്റ് ഡോക്യുമെന്റ്സ് ക്ലിക് ചെയ്താല്‍ ആര്‍ക്കാണ് പരാതി നല്‍കേണ്ടത് എന്ന കോളം വരും. ഇവിടെ കര്‍ഫ്യൂ ലംഘിച്ചതിന് പിഴ പരിശോധിക്കുന്ന സമിതി എന്ന് സെലക്ട് ചെയ്യുക. അപ്പോള്‍ ഏത് പ്രവിശ്യയാണെന്ന് ചോദിക്കും. ഓരോ പ്രവിശ്യയിലും ഇക്കാര്യം പരിശോധിക്കാന്‍ പ്രത്യേക സമിതിയുണ്ട്. ഇതില്‍ അയക്കുന്ന വിഷയം ടൈപ് ചെയ്തുകൊടുക്കണം. അന്യായമായാണ് പിഴ ലഭിച്ചിരിക്കുന്നതെന്നതിന് വല്ല രേഖകളുമുണ്ടെങ്കില്‍ അറ്റാച്ച് ചെയ്തുകൊടുക്കണം.
വീടുകളില്‍ തന്നെ കഴിയുകയും പുറത്തിറങ്ങുമ്പോള്‍ പരമാവധി അകലം പാലിക്കുകയും ചെയ്താല്‍ രോഗവ്യാപനം നിയന്ത്രിക്കാമെന്ന് ആരോഗ്യ മന്ത്രാലയം ഓര്‍മിപ്പിക്കുന്നുണ്ട്.