Sorry, you need to enable JavaScript to visit this website.

പിഞ്ചുമക്കളെ കാണാനാവാതെ കൊറോണ വാർഡിലെ നഴ്‌സുമാർ  

കണ്ണൂർ- പിഞ്ചുമക്കളെ കാണാനാവാതെ കൊറോണ വാർഡിൽ കഴിയുന്ന നഴ്‌സുമാരുടെ എണ്ണം വർധിക്കുന്നു. പാൽ കുടിക്കുന്ന പിഞ്ചുമക്കളെ പോലും വീട്ടിൽ വിട്ട് കൊറോണ രോഗികളെ ചികിത്സിക്കുന്ന ആശുപത്രികളി ഐസൊലേഷൻ വാർഡുകളിൽ ദിവസങ്ങളോളം ജോലി ചെയ്യേണ്ടി വരുന്നു നഴ്‌സ് അമ്മമാർക്ക്. 
പരിയാരം മെഡിക്കൽ കോളേജ്, അഞ്ചരക്കണ്ടി കോവിഡ് സെന്റർ എന്നിവിടങ്ങളിലാണ് ഇത്തരം നഴ്‌സ് അമ്മമാർ ഏറെയുള്ളത്.
മുലകുടി മാറാത്ത കുഞ്ഞിനെ ഭർത്താവിനൊപ്പം വിട്ടാണ് കൊട്ടിയൂർ സ്വദേശിയായ നഴ്‌സ് ജീൻമേരി അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിൽ രണ്ടാഴ്ച മുമ്പ് കൊറോണ സംഘത്തിന്റെ ഭാഗമായെത്തിയത്.


14 ദിവസത്തിനു ശേഷം ഇന്നലെ വൈകിട്ട് അവർ ആശുപത്രിയിൽ നിന്നിറങ്ങിയെങ്കിലും ഇനിയും രണ്ടാഴ്ച മകനെ പിരിഞ്ഞിരിക്കണമല്ലോ എന്ന സങ്കടത്തിലാണ്. 14 ദിവസം കോവിഡ് രോഗികളെ പരിചരിച്ച ശേഷം വീണ്ടും രണ്ടാഴ്ചത്തെ ക്വാറന്റൈനിലേക്ക് പോവുകയാണ് ഇവർ. എന്നും വിളിക്കുമ്പോൾ അവൻ ചോദിക്കും, അമ്മച്ചിയെന്താ എന്നോടൊപ്പം കിടക്കാൻ വരാത്തതെന്ന്. അത് കേൾക്കുമ്പോൾ സങ്കടം വരും, കണ്ണു നിറയും. ഞാനിവിടെ വന്നതിനു ശേഷം രാത്രി അവൻ ഉറങ്ങിയിട്ടില്ലെന്ന് സങ്കടമൊളിപ്പിച്ച കണ്ണുകളോടെ ജീൻ മേരി പറഞ്ഞു. എന്നാൽ ആ പ്രയാസങ്ങളൊക്കെ അതിജീവിക്കാൻ ഈ കൊറോണ കാലം തങ്ങളെ പ്രാപ്തരാക്കിയതായും ജീൻ മേരി പറഞ്ഞു. അഞ്ചരക്കണ്ടി പ്രത്യേക കോവിഡ് ആശുപത്രിയിലെ ആദ്യ മെഡിക്കൽ സംഘത്തിലെ 34 പേരിൽ ഒരാളാണ് ജീൻ മേരി.


കൊറോണ എന്ന മഹാവിപത്തിനെ നേരിടാൻ  പെരുമ്പടവ് ഗ്രാമത്തിൽ നിന്നാണ് ജിൻസി എത്തിയത്. പെരുമ്പടവിലെ പുളിഞ്ചുവട്ടിൽ തങ്കച്ചന്റെയും മേരിക്കുട്ടിയുടേയും മകളായ ജിൻസി ജെയ്‌സനാണ് കഴിഞ്ഞ മൂന്ന് ആഴ്ചയായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് (പരിയാരം) ഐസൊലേഷൻ വാർഡിൽ സേവനമനുഷ്ഠിക്കുന്നത്. തന്റെ പിഞ്ചു കുട്ടികളെ പോലും കാണാതെ ആഴ്ചകളായി രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നാടിന് വേണ്ടി കരുതലോടെ കാവലിരിക്കുകയാണവർ. മെഡിക്കൽ കോളേജിൽ ഇവരെ പോലെ ജോലി ചെയ്യുന്ന നഴ്‌സുമാർ നിരവധിയാണ്. ലോകം വിറങ്ങലിച്ച് നിൽക്കുമ്പോൾ തന്റെ പ്രയാസങ്ങളെല്ലാം വളരെ ചെറുതാണെന്ന് കണ്ട് ഐസൊലേഷനിൽ കഴിയുന്ന ഓരോ രോഗിയേയും തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണിവർ. കോവിഡിനെ ചെറുക്കാൻ സന്നദ്ധമായ ജിൻസി ജെയ്‌സൺ  നാടിന്റെ അഭിമാനമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ഒരു വലിയ ദൗത്യത്തിന്റെ ഭാഗമാവാൻ സാധിച്ചതിന്റെ സന്തോഷവും അഭിമാനവും ഇവർ മറച്ചുവെക്കുന്നില്ല. രണ്ടും മൂന്നും വയസ്സുള്ള മക്കളും പ്രായമായ മാതാപിതാക്കളും വീടുകളിൽ കാത്തിരിക്കുന്നവർ ഒട്ടേറെ പേർ വേറെയുമുണ്ട് മെഡിക്കൽ സംഘത്തിൽ. നാടിന്റെ ആദരവ് അർഹിക്കുന്നവരാണിവർ.

 

Latest News