റിയാദ് - കർഫ്യൂ ലംഘിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത രണ്ടു സൗദി യുവാക്കളെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് വക്താവ് ലെഫ്. കേണൽ ശാകിർ അൽതുവൈജിരി അറിയിച്ചു. മുപ്പതും നാൽപതും വീതം വയസ്സ് പ്രായമുള്ളവരാണ് അറസ്റ്റിലായത്. യുവാക്കളിൽ ഒരാൾ കർഫ്യൂ ലംഘിച്ച് കാറോടിക്കുകയും രണ്ടാമൻ ഡിക്കിയിൽ യാത്ര ചെയ്യുകയുമായിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് ശ്രദ്ധയിൽ പെട്ട് നടത്തിയ അന്വേഷണത്തിലൂടെയാണ് നിയമ ലംഘകരെ തിരിച്ചറിഞ്ഞത്. കോടതിയിൽ വിചാരണ ചെയ്ത് ശിക്ഷിക്കുന്നതിന് പ്രതികൾക്കെതിരായ കേസ് വൈകാതെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്ന് റിയാദ് പോലീസ് വക്താവ് അറിയിച്ചു.