ഹായിൽ - കർഫ്യൂ ലംഘിച്ച് യുവാവ് ഓടിച്ച കാറിടിച്ച് പോലീസുകാരന് പരിക്കേറ്റു. അമിത വേഗത്തിൽ ചെക് പോയന്റ് മറികടന്ന കാർ തടഞ്ഞുനിർത്താൻ ശ്രമിക്കുന്നതിനിടെയാണ് പോലീസുകാരനെ കാറിടിച്ച് തെറിപ്പിച്ചത്. പരിക്കേറ്റ പോലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെക് പോയന്റിലുണ്ടായിരുന്ന മറ്റൊരു പോലീസ് വാഹനം പ്രതിയുടെ കാറിനെ പിന്തുടർന്നെങ്കിലും ഡ്രൈവറെ തടഞ്ഞുനിർത്താൻ സാധിച്ചില്ല.
ഉടൻ തന്നെ കാറിനെ കുറിച്ച വിവരങ്ങൾ മുഴുവൻ ചെക് പോയന്റുകൾക്കും സുരക്ഷാ വകുപ്പുകൾക്കും കൈമാറുകയും അന്വേഷണം ഊർജിതമാക്കുകയും ചെയ്തു. ഹായിലിലെ മറ്റൊരു പ്രദേശത്ത് നിർത്തിയിട്ട നിലയിൽ കാർ പിന്നീട് കണ്ടെത്തി. പ്രതിക്കു വേണ്ടി സുരക്ഷാ വകുപ്പുകൾ അന്വേഷണം തുടരുകയാണ്. പരിക്കേറ്റ പോലീസുകാരൻ ഹായിൽ കിംഗ് ഖാലിദ് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ വെള്ളിയാഴ്ച പശ്ചിമ റിയാദിൽ ചെക്ക് പോയന്റിൽ സേവനമനുഷ്ഠിക്കുകയായിരുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ സമാന രീതിയിൽ കാറിടിച്ച് മരിച്ചിരുന്നു. ജിദ്ദയിൽ രണ്ടു വ്യത്യസ്ത സ്ഥലങ്ങളിൽ കർഫ്യൂ ലംഘിച്ചവർ ചെക് പോയന്റുകളിൽ പോലീസുകാരെ ഇടിച്ചുതെറിപ്പിപ്പിക്കുകയും ചെയ്തിരുന്നു. ഇക്കൂട്ടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു പോലീസുകാരൻ ആശുപത്രിയിൽ വെച്ച് പിന്നീട് മരണപ്പെടുകയും ചെയ്തു.