റിയാദ് - സൗദിയില്‍ കര്‍ഫ്യൂ ലംഘനത്തിന് ചുമത്തുന്ന പിഴകളില്‍ ഓണ്‍ലൈന്‍ വഴി വിയോജിപ്പ് പ്രകടിപ്പിക്കുന്നതിന് അവസരമൊരുക്കിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ വഴിയാണ് വിയോജിപ്പ് പ്രകടിപ്പിക്കേണ്ടത്. നിയമ ലംഘനം രേഖപ്പെടുത്തി പിഴ ചുമത്തി ഒരു മാസത്തിനകം വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കണം. അല്ലാത്ത പക്ഷം വിയോജിപ്പ് സ്വീകരിക്കില്ല.
അബ്ശിറില്‍ പ്രവേശിച്ച് ഖിദ്മാത്തീ എന്ന പട്ടികയില്‍ ഖിദ്മാത്ത് ആമ്മ (ജനറല്‍ സര്‍വീസസ്) തെരഞ്ഞെടുത്ത ശേഷം കത്തുകളും അപേക്ഷകളും എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത് വിയോജിപ്പുമായി ബന്ധപ്പെട്ട വിവരങ്ങളും നിയമ ലംഘനം നടന്ന പ്രവിശ്യയും തെരഞ്ഞെടുത്തും ആവശ്യമായ കോളങ്ങള്‍ പൂരിപ്പിക്കുകയുമാണ് ചെയ്യേണ്ടത്.
അനുബന്ധ രേഖകളുണ്ടെങ്കില്‍ അതും ഇതോടൊപ്പം അറ്റാച്ച് ചെയ്യണമെന്ന് പൊതുസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു.