റിയാദ് - റിയാദ് പ്രവിശ്യയിൽ പെട്ട ഖുവൈഇയയിൽ കർഫ്യൂ ലംഘിച്ച സൗദി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കർഫ്യൂ ലംഘിച്ച് ചുറ്റിക്കറങ്ങിയ സംഘത്തിൽ ഒരാൾ പോലീസുകാരെ തെറിവിളിക്കുകയും ചെയ്തിരുന്നു. കർഫ്യൂ ലംഘിക്കുന്നതിന്റെയും പോലീസുകാരെ തെറിവിളിക്കുന്നതിന്റെയും ദൃശ്യങ്ങൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഘം സൈബർ ക്രൈം നിയമം അനുസരിച്ച കുറ്റവും ചെയ്തു. ഇരുപതിനടുത്ത് പ്രായമുള്ള സൗദി യുവാക്കളാണ് അറസ്റ്റിലായതെന്നും പ്രതികൾക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിച്ചുവരികയാണെന്നും റിയാദ് പോലീസ് വക്താവ് ലെഫ്. കേണൽ ശാകിർ അൽതുവൈജിരി അറിയിച്ചു.
റിയാദിൽ വ്യാഴാഴ്ച ഉച്ചക്ക് മൂന്നു മുതൽ ആരംഭിച്ച കർഫ്യൂ ലംഘിക്കാൻ ആലോചിക്കുന്നതായി വെളിപ്പെടുത്തുന്ന ലൈവ് വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച മറ്റൊരു സൗദി പൗരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
അസീറിൽ കർഫ്യൂ ലംഘിച്ചതായി സ്വയം വെളിപ്പെടുത്തുകയും ഇതിനുള്ള ശിക്ഷ താൻ കാര്യമാക്കുന്നില്ലെന്ന് പറയുകയും ചെയ്യുന്ന വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വിദേശ യുവാവിനെ അറസ്റ്റ് ചെയ്തതായി പോലീസ് വക്താവ് ലെഫ്. കേണൽ സൈദ് അൽഖഹ്താനി അറിയിച്ചു. ക്ലിപ്പിംഗ് ശ്രദ്ധയിൽ പെട്ട് അന്വേഷണം നടത്തിയാണ് നിയമ ലംഘകനെ തിരിച്ചറിഞ്ഞത്. മുപ്പതു വയസു പ്രായമുള്ള തുർക്കി യുവാവാണ് അറസ്റ്റിലായതെന്നും പ്രതിക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണെന്നും പോലീസ് വക്താവ് അറിയിച്ചു.