Sorry, you need to enable JavaScript to visit this website.

കർഫ്യൂ ലംഘനം: കൂടുതൽ പേർ അറസ്റ്റിൽ

റിയാദ് - നിരോധാജ്ഞ ലംഘിച്ച് ചുറ്റിക്കറങ്ങുകയും മുൻകരുതൽ നടപടികളെ പരിഹസിക്കുകയും വിലക്കു ലംഘിക്കുന്നവരെ തടയുന്നതിന് വിന്യസിച്ച സുരക്ഷാ ഭടന്മാരെ ചിത്രീകരിക്കുകയും ചെയ്തതിന് വിവിധ പ്രവിശ്യകളിൽ ഏതാനും പേർ അറസ്റ്റിലായി. കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽബാത്തിനിൽ കർഫ്യൂ ലംഘിച്ച് പുറത്തിറങ്ങുകയും പോലീസ് വാഹനങ്ങൾ ചിത്രീകരിക്കുകയും സുരക്ഷാ ഭടന്മാരെ പരിഹസിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സ്‌നാപ് ചാറ്റിലൂടെ പുറത്തു വിടുകയും ചെയ്ത യുവാവിനെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. ക്ലിപ്പിംഗ് ശ്രദ്ധയിൽ പെട്ട് അന്വേഷണം നടത്തിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മുപ്പതു വയസ്സു പ്രായമുള്ള സൗദി യുവാവാണ് അറസ്റ്റിലായതെന്നും പ്രതിക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണെന്നും കിഴക്കൻ പ്രവിശ്യാ പോലീസ് അറിയിച്ചു.


കർഫ്യൂ ലംഘിച്ച് കാറിൽ ചുറ്റിക്കറങ്ങിയ മറ്റൊരു സൗദി യുവാവിനെ അസീറിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. നിരോധാജ്ഞ ലംഘിച്ച് കാറോടിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത മുപ്പതുകാരനാണ് അറസ്റ്റിലായതെന്നും പ്രതിക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണെന്നും അസീർ പോലീസ് വക്താവ് ലെഫ്. കേണൽ സൈദ് അൽദബാശ് പറഞ്ഞു. അറാറിൽ വിലക്ക് ലംഘിച്ച് കാറിൽ ചുറ്റിക്കറങ്ങുകയും നിരോധാജ്ഞ ലംഘിക്കുന്നതിന് മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത മൂന്നു യുവാക്കളെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. 


അതിനിടെ, കർഫ്യൂ ലംഘിക്കുകയും നിരോധാജ്ഞ ലംഘിക്കുന്നതിന് മറ്റുള്ളവരെ പ്രേരിപ്പിക്കുകയും കൊറോണ രോഗികളുടെ എണ്ണവുമായി ബന്ധപ്പെട്ട് സമൂഹത്തിൽ ഭീതി പരത്തുകയും രാജ്യത്ത് ഭക്ഷ്യക്ഷാമം പ്രത്യക്ഷപ്പെട്ടതായി വാദിക്കുകകയും സുരക്ഷാ ഭടന്മാരെ പരിഹസിക്കുകയും ചെയ്യുന്ന വീഡിയോ ക്ലിപ്പിംഗുകൾ സമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഏതാനും പേരെ വിവിധ പ്രവിശ്യകളിൽ നിന്ന് അറസ്റ്റ് ചെയ്തതിനെ കുറിച്ച ബോധവൽക്കരണ വീഡിയോ പൊതുസുരക്ഷാ വകുപ്പ് തയാറാക്കി പുറത്തുവിട്ടു. കഴിഞ്ഞ ദിവസങ്ങളിൽ റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യ, അൽഖസീം, അസീർ, ഹായിൽ, അൽജൗഫ്, നജ്‌റാൻ പ്രവിശ്യകളിൽ നിന്ന് പതിനഞ്ചു പേരെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു സൗദി യുവതികളും 12 സൗദി പൗരൻമാരും ഫാമിലി വിസിറ്റ് വിസയിലെത്തിയ സിറിയക്കാരനുമാണ് അറസ്റ്റിലായത്. 
 

Latest News