Sorry, you need to enable JavaScript to visit this website.

കർഫ്യൂ ബാധകമല്ലെന്ന് വാദിച്ച് പിടിയിലായത് ഗവൺമെന്റ് ഉദ്യോഗസ്ഥർ

സകാക്ക - കർഫ്യൂ ബാധകമല്ലെന്ന് വാദിച്ച് പിടിയിലായത് ഗവൺമെന്റ് ഉദ്യോഗസ്ഥരാണെന്ന് അൽജൗഫ് പോലീസ് വക്താവ് ലെഫ്. കേണൽ യസീദ് അൽനോമസ് വെളിപ്പെടുത്തി. കർഫ്യൂ നിലവിലുള്ള സമയത്ത് കാറിലൂടെ ചുറ്റിക്കറങ്ങിയ സൗദി പൗരൻ ഔദ്യോഗിക ഡ്യൂട്ടി കാരണം വിലക്കിൽ നിന്ന് ഒഴിവാക്കപ്പെട്ടയാളാണ് താനെന്നും തന്നെ തടയാൻ കഴിയില്ലെന്നും വാദിക്കുന്ന വീഡിയോ ക്ലിപ്പിംഗ് ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ക്ലിപ്പിംഗ് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഖുറയ്യാത്ത് പോലീസ് അന്വേഷണം നടത്തിയാണ് നിയമ ലംഘകനെ തിരിച്ചറിഞ്ഞത്. അമ്പതിനടുത്ത് പ്രായമുള്ള സൗദി പൗരനാണ് വിലക്ക് ലംഘിച്ച് ചുറ്റിക്കറങ്ങുകയും നിരോധാജ്ഞ തനിക്കു ബാധകമല്ലെന്ന് വാദിക്കുന്ന വീഡിയോ ക്ലിപ്പിംഗ് ചിത്രീകരിച്ച് പ്രചരിപ്പിച്ചും പിടിയിലായത്. നിയമ ലംഘനം നടത്തുമ്പോൾ മുപ്പതിനടുത്ത് പ്രായമുള്ള സൗദി യുവാവും ഇയാൾക്കൊപ്പമുണ്ടായിരുന്നു. ഇരുവരും സർക്കാർ ജീവനക്കാരാണെന്ന് വ്യക്തമായി. ഇവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അൽജൗഫ് പോലീസ് വക്താവ് പറഞ്ഞു. 


വിലക്കു ബാധകമല്ലെന്ന് വാദിച്ച് കർഫ്യൂ നിലവിലുള്ളപ്പോൾ ചുറ്റിക്കറങ്ങുകയും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പ്രഖ്യാപിച്ച കർഫ്യൂവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ ക്ലിപ്പിംഗ് ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്ത സൗദി പൗരനെ അറസ്റ്റ് ചെയ്യുന്നതിന് അറ്റോർണി ജനറൽ ശൈഖ് സൗദ് അൽമുഅജബ് ഉത്തരവിടുകയായിരുന്നെന്ന് പബ്ലിക് പ്രോസിക്യൂഷൻ വൃത്തങ്ങൾ പറഞ്ഞു. അന്വേഷണത്തിലൂടെ തിരിച്ചറിഞ്ഞ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇയാൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് പോലീസ് കൈമാറിയിട്ടുണ്ടെന്നും പബ്ലിക് പ്രോസിക്യൂഷൻ വൃത്തങ്ങൾ പറഞ്ഞു.

Latest News